ലണ്ടന്‍: സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. കണക്കുകള്‍ അനുസരിച്ച് 2023 - 24 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ ആകെ 7 ശതമാനത്തോളം കുറവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അനുഭവപ്പെട്ടത്. നൈജീരിയ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചൈനയില്‍ നിന്നും 4 ശതമാനം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു.
2024 ആരംഭം മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞുതുടങ്ങി. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും അധികം കുറവുണ്ടായിരിക്കുന്നത് സ്റ്റഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയിലാണ്. 2022 - 23 അദ്ധ്യയന വര്‍ഷം 1205 വിദേശ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 255 ആയി കുറഞ്ഞു.79 ശതമാനം കുറഞ്ഞു. പല യൂണിവേഴ്സിറ്റികളിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 40 ശതമാനമോ അതിലധികമോ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനു അനുമതി നിഷേധിച്ചതോടെയാണ് ഇടിവ്. യൂണിവേഴ്സിറ്റികളുടെ നിലനില്‍പ്പിന് വിദേശ വിദ്യാര്‍ത്ഥികള്‍ അനിവാര്യമാണ്. വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നത് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കും.