ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ഷമീമ ബീഗം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള സാധ്യത വീണ്ടും ഉയരുന്നു. ബ്രിട്ടന്റെ തീവ്രവാദ വിരുദ്ധ നയങ്ങളുടെ അവലോകന റിപ്പോര്‍ട്ടിലാണ് ഷമീമ ബീഗത്തിനും സിറിയയിലെ ക്യാംപുകളില്‍ കഴിയുന്ന മറ്റ് ബ്രിട്ടിഷ് പൗരന്മാര്‍ക്കും തിരിച്ചുവരാന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
2015ല്‍ 15 വയസ്സുള്ളപ്പോള്‍ ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്നു പോയ ഷമീമ ബീഗത്തിന് 2019ല്‍ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. അതിനുശേഷം ആറ് വര്‍ഷമായി നിയമപോരാട്ടം തുടരുകയാണ്. നിലവില്‍ 26 വയസ്സുള്ള ഷമീമ സിറിയയിലെ ഒരു 'വൃത്തി ഹീനമായ' തടങ്കല്‍ ക്യാംപിലാണ് കഴിയുന്നത്.
യു.കെ തീവ്രവാദ വിരുദ്ധ കമ്മീഷന്‍ നടത്തിയ മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഈ ശുപാര്‍ശ. സിറിയന്‍ ക്യാംപുകള്‍ ബ്രിട്ടന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് കളങ്കമാണെന്നും, ഇവയെ 'ബ്രിട്ടന്റെ ഗ്വാണ്ടനാമോ' ആയി കണക്കാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ ലംഘനമായി ഇതിനെ വിലയിരുത്തുകയും ചെയ്തു.
പൗരത്വം നിഷേധിക്കപ്പെട്ടവര്‍ക്കും മറ്റ് ബ്രിട്ടിഷ് പൗരന്മാര്‍ക്കും തിരിച്ചെത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും, മടങ്ങിയെത്തുന്നവരെ മേല്‍നോട്ടം വഹിക്കുകയും നിയമനടപടികള്‍ക്ക് സാധ്യത പരിശോധിക്കുകയും ചെയ്യാന്‍ പ്രത്യേക പ്രതിനിധിയെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റിട്ടേണ്‍, പുനരധിവാസം, സംയോജനം എന്നിവയുടെ സംയോജിത പദ്ധതികളാണ് ഭാവിയിലെ ഏറ്റവും മികച്ച ദീര്‍ഘകാല പരിഹാരമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുന്‍ അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ്, ബാരണസ് സയീദ വാര്‍സി, എംഐ6ന്റെ മുന്‍ ആഗോള തീവ്രവാദ വിരുദ്ധ ഡയറക്ടര്‍ റിച്ചഡ് ബാരറ്റ്, മുന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് മേധാവി സര്‍ പീറ്റര്‍ ഫാഹി എന്നിവരടങ്ങുന്ന പ്രമുഖ പാനലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
സിറിയന്‍ ക്യാംപുകളില്‍ നിലവില്‍ 70ഓളം ബ്രിട്ടിഷ് പൗരന്മാര്‍ കഴിയുന്നുവെന്നാണ് കണക്കുകള്‍, അതില്‍ ഭൂരിഭാഗവും സ്ത്രീകളും അവരുടെ കുട്ടികളുമാണ്. പുതിയ റിപ്പോര്‍ട്ട് വന്നതോടെ ഷമീമ ബീഗത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ബ്രിട്ടനില്‍ വീണ്ടും വലിയ പൊതുചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.