ലണ്ടന്‍/തൊടുപുഴ: സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു വീടിനുള്ളില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആംബുലന്‍സ് സര്‍വീസിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനമനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണം.
സംഭവസമയത്ത് വീട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇളയമകള്‍ മരിയ മാത്രമായിരുന്നു. നഴ്‌സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. കീല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ കെവിന്‍, കരോള്‍ എന്നിവരാണ് മറ്റ് മക്കള്‍.
മരണവാര്‍ത്ത അറിഞ്ഞ് യുകെയിലെ സോമര്‍സെറ്റ് ടോണ്ടനില്‍ താമസിക്കുന്ന ഇളയ സഹോദരന്‍ ബിജു മാത്യുവും കുടുംബവും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ എത്തിയിട്ടുണ്ട്. മൂലമറ്റം ഇളംതുരുത്ത് സ്വദേശികളായ പരേതനായ മാത്യു ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ് ജോസ് മാത്യു.
സഹോദരങ്ങള്‍: ജിജി മാത്യു (പ്രിന്‍സിപ്പല്‍, സെന്റ് ജെയിംസ് നഴ്‌സിങ് കോളജ്, ചാലക്കുടി), റെജി ചെറിയാന്‍ (എരുമേലി), ലിജി ജെയ്സണ്‍ (മൂലമറ്റം). സിറോ മലബാര്‍ സഭയുടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിലെ സജീവ അംഗമായ ജോസ് മാത്യു, നാട്ടില്‍ അറക്കുളം പുത്തന്‍പള്ളി ഇടവകാംഗവുമാണ്.
സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. തീയതി പിന്നീട് അറിയിക്കും.