ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ book ചെയ്യുന്നതുമായി ബന്ധപ്പെട്ട നീണ്ട കാത്തിരിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറയ്ക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തില്‍ കാത്തിരിപ്പ് കാലം കുതിച്ചുയര്‍ന്നതോടെയാണ് ഈ നടപടികള്‍ ശക്തമാകുന്നത്.
ഇനി മുതല്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നേരിട്ട് മാത്രമേ ടെസ്റ്റ് ബുക്കിംഗ് ചെയ്യാന്‍ സാധിക്കൂ. ടെസ്റ്റ് സ്ലോട്ടുകള്‍ വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം തടയാനാണ് ഈ നീക്കം. ''വിദ്യാര്‍ത്ഥികളെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം,'' എന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹൈഡി അലക്‌സാണ്ടര്‍ വ്യക്തമാക്കി.
ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഇനി വിദ്യാര്‍ത്ഥികളുടെ പേരില്‍ ടെസ്റ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. ടെസ്റ്റ് മാറ്റം, സ്ഥലം മാറ്റം എന്നിവയ്ക്കുള്ള തവണകളിലും നിയന്ത്രണം വരും. കൂടാതെ പ്രതിരോധ വകുപ്പില്‍ നിന്നുള്ള 36 പരീക്ഷ നടത്തിപ്പുകാരെ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സിയിലേക്ക് (DVSA) നിയോഗിക്കും.
നിലവില്‍ ശരാശരി കാത്തിരിപ്പ് സമയം 21 ആഴ്ചയാണ്. 2026-ലെ വേനലോടെ ഇത് ഏഴ് ആഴ്ചയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടെസ്റ്റ് സ്ലോട്ടുകള്‍ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പിടിച്ചെടുക്കുകയും, ചില കമ്പനികള്‍ അവ 500 പൗണ്ട് വരെ വിലയ്ക്ക് വീണ്ടും വില്‍ക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായിരുന്നു. ഇതിനെതിരെ എംപിമാര്‍ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു.
ട്രെയിനിംഗ് സ്‌കൂള്‍ ഉടമകള്‍ പുതിയ നിയന്ത്രണങ്ങളെ സ്വാഗതം ചെയ്‌തെങ്കിലും, ചില ഇന്‍സ്ട്രക്ടര്‍മാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ലോട്ടുകള്‍ book ചെയ്യുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയും പങ്കുവെച്ചിട്ടുണ്ട്.