ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ രാജകുമാരനെ തേംസ് വാലി പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു സര്‍ക്കാരിന്റെ രേഖകള്‍ ജെഫ്രി എപ്സ്റ്റീനു കൈമാറിയെന്ന ആരോപണമാണ് അറസ്റ്റ് നടപടിക്ക് കാരണമായത്. ചാള്‍സ് മൂന്നാമന് രാജാവിന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂവിനെതിരെയുള്ള പൊലീസ് നീക്കം രാജകുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
താല്‍ക്കാലിക വസതിയായ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ആറോളം പൊലീസ് വാഹനങ്ങളിലായി എത്തിയ ഉദ്യോഗസ്ഥര്‍ ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുത്തു. വിന്‍ഡ്സറിലെ റോയല്‍ ലോഡ്ജ് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ വസതികളില്‍ ഒരേസമയം തിരച്ചിലും നടന്നു.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന് ഫയലുകളില്‍ ആന്‍ഡ്രൂവിനെതിരെയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. 2010-ല്‍ യുകെ സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോര്‍ട്ടുകള്‍ എപ്സ്റ്റീനു കൈമാറിയെന്ന കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റെ അടിസ്ഥാനമായത്. സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങളും വിദേശ സന്ദര്‍ശന വിവരങ്ങളും ഫയലുകളില്‍ ഉള്‍പ്പെട്ടിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വിവാദങ്ങള്‍ കടുത്തതോടെ ചാള്‍സ് രാജാവ് ആന്‍ഡ്രൂവിനെ രാജകീയ പദവികളില്‍ നിന്നും സൈനിക ബഹുമതികളില്‍ നിന്നും നീക്കം ചെയ്തിരുന്നു. മുന്‍പ് വിര്‍ജീനിയ ഗിഫ്രെയുടെ പരാതിയില്‍ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും പുതിയ തെളിവുകളും സാക്ഷിമൊഴികളും ആന്‍ഡ്രൂവിനെ കുരുക്കിലാക്കി.
യുകെയിലെ നിയമപ്രകാരം പൊതുപദവി ദുരുപയോഗം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ആന്‍ഡ്രൂവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം. സഹോദരന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചാള്‍സ് രാജാവ് പ്രതികരിച്ചില്ല. പിന്നീട് പുറത്തിറങ്ങിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍, ''ആശങ്കാജനകമായ സംഭവമാണിത്. നിയമം അതിന്റെ വഴിയില്‍ മുന്നോട്ടു പോകട്ടെ. ഉദ്യോഗസ്ഥര്‍ സമഗ്രമായ അന്വേഷണം നടത്തട്ടെ'' എന്ന് രാജാവ് വ്യക്തമാക്കി