Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
UK Special
  Add your Comment comment
യുകെയിലെ യുവാക്കള്‍ക്ക് പ്രതീക്ഷയായി എം ആന്‍ഡ് എസിന്റെ പുതിയ പരിശീലന പദ്ധതി
reporter

ലണ്ടന്‍: കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്ന ബ്രിട്ടണിലെ യുവാക്കള്‍ക്ക് ആശ്വാസമായി മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു. അടുത്ത 18 മാസത്തിനുള്ളില്‍ 1,000 യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദീര്‍ഘ ഇടവേളയ്ക്കുശേഷമാണ് എം ആന്‍ഡ് എസ് ഇത്തരമൊരു വിപുലമായ പരിശീലന പദ്ധതി പ്രഖ്യാപിക്കുന്നത്. ബ്രിട്ടണില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ യുവജന തൊഴിലില്ലായ്മയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ എട്ടില്‍ ഒരാള്‍ വീതം തൊഴിലില്ലായ്മ നേരിടുന്നുവെന്നാണ് കണക്ക്. നൂറുകണക്കിന് അപേക്ഷകള്‍ അയച്ചിട്ടും ഒരു ഇന്റര്‍വ്യൂ വിളി പോലും ലഭിക്കാതെ കാത്തിരിക്കുന്ന യുവാക്കളും ഏറെയാണ്. ആറ് മാസത്തെ പരിശീലനത്തിലൂടെ സൂപ്പര്‍വൈസര്‍, മാനേജ്‌മെന്റ് തസ്തികകളിലേക്കുള്ള തൊഴില്‍ സാധ്യത ഒരുക്കുന്നതാണ് എം ആന്‍ഡ് എസിന്റെ പദ്ധതി. ഡിഗ്രി നിര്‍ബന്ധമല്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത. യുകെയിലും അയര്‍ലന്‍ഡിലും താമസിക്കുന്ന യുവാക്കള്‍ക്ക് അപേക്ഷിക്കാം.

എന്‍ട്രി ലെവല്‍ ജോലികള്‍ പലതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൈയടക്കുന്നതാണ് യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എഐ സൃഷ്ടിക്കുന്ന പുതിയ തൊഴിലവസരങ്ങള്‍, അതിലൂടെ ഇല്ലാതാകുന്ന ജോലികളുടെ നാലിലൊന്നുപോലും വരില്ലെന്ന വിലയിരുത്തലും ആശങ്ക വര്‍ധിപ്പിക്കുന്നു. പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും ജോലിയില്‍ തുടരുന്നവരുടെ എണ്ണം കൂടുന്നതും യുവാക്കളുടെ പ്രവേശന അവസരങ്ങള്‍ കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. വര്‍ധിച്ച ജീവിതച്ചെലവ് നേരിടാന്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞവരും ജോലി തുടരേണ്ടിവരുന്ന സാഹചര്യമാണ് യുകെയില്‍ നിലനില്‍ക്കുന്നത്. പഠനം പൂര്‍ത്തിയാക്കി 18 മാസത്തിനകം ജോലി ലഭിക്കാത്തവര്‍ക്ക് ശമ്പളത്തോടെയുള്ള വര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുമെന്ന് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആ വാഗ്ദാനം ഇതുവരെ പ്രായോഗിക നടപടികളിലേക്ക് എത്തിയിട്ടില്ല. തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളെ ബ്രിട്ടണില്‍ 'നീറ്റ്‌സ്' എന്നാണ് വിളിക്കുന്നത്. Not in Education, Employment or Training എന്നതിന്റെ ചുരുക്കപ്പേരാണ് NEET. ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം ബ്രിട്ടണില്‍ നിലവില്‍ 10,12,000 യുവാക്കള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. രാജ്യത്തെ മൊത്തം യുവജനസംഖ്യയുടെ 13.5 ശതമാനമാണിത്. ഇവരില്‍ 6,13,000 പേര്‍ തൊഴില്‍ അന്വേഷകരല്ലാത്ത സാമ്പത്തികമായി നിര്‍ജ്ജീവ വിഭാഗത്തില്‍പ്പെടുന്നു. ഏകദേശം 4,00,000 പേരാണ് ജോലി തേടിക്കൊണ്ടിരിക്കെയും അവസരം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

 
Other News in this category

 
 




 
Close Window