Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ വിയോഗം; കണ്ണീരിലാഴ്ന്ന് മലയാളി കുടുംബം
reporter

ലണ്ടന്‍/കണ്ണൂര്‍: നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിലേക്ക് ചേക്കേറിയ മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ അപ്രതീക്ഷിത വിയോഗം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം - ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. നഴ്‌സറി വിദ്യാര്‍ഥിനിയായിരുന്ന ഹെലന്റെ വേര്‍പാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മൂന്ന് വര്‍ഷം മുന്‍പ് സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഹെലന്റെ മാതാവ് ക്ലാരിറ്റ് യുകെയിലെത്തുകയായിരുന്നു. ആറുമാസങ്ങള്‍ക്ക് ശേഷം പിതാവ് അബിനും യുകെയിലെത്തി. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം ചേരാന്‍ യുകെയിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഒരുമിച്ച് ജീവിതം പടുത്തുയര്‍ത്താനുള്ള കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്കിടെയാണ് ഹെലന്റെ അപ്രതീക്ഷിത വേര്‍പാട് സംഭവിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍നിന്ന് താഴെ വീണതിനെ തുടര്‍ന്ന് ഹെലനില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ കുഞ്ഞിനെ അടിയന്തരമായി നോര്‍വിച്ചിലെ എന്‍എച്ച്എസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് ഹെലന്‍ മരണത്തിന് കീഴടങ്ങിയത്.

തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കട്ടിലില്‍നിന്ന് വീണത് മാത്രം മരണത്തിലേക്കെത്തിച്ച സാഹചര്യമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കണ്ടെത്താനാകാതെ പോയ ഏതെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നമോ രോഗാവസ്ഥയോ ഉണ്ടായിരുന്നോയെന്ന സാധ്യതയും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതായാണ് വിവരം. മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിശദമായ മെഡിക്കല്‍ പരിശോധനകളും തുടര്‍ അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്. നിലവില്‍ ഹെലന്‍ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മകളുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നാട്ടില്‍ സിറോ മലബാര്‍ സഭയുടെ ഇരിട്ടി ഇടത്തോട്ടി ഡി പോള്‍ ചര്‍ച്ച് ഇടവകാംഗങ്ങളാണ് കുടുംബം. പ്രവാസ ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി യുകെയിലെത്തിയ ഹെലന്‍ അവിടുത്തെ ജീവിതം ആസ്വദിച്ചു തുടങ്ങിയത് ഒരു വര്‍ഷം മുന്‍പുമാത്രമായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പവും പ്രിയ സഹോദരന്‍ ജുവാനൊപ്പവും സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ ചിരി പെട്ടെന്ന് നിലച്ചപ്പോള്‍ തകര്‍ന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. ഹെലന്റെ വേര്‍പാട് കുടുംബത്തിന്റെ മാത്രം വേദനയല്ല, യുകെയിലെ മുഴുവന്‍ പ്രവാസി മലയാളി സമൂഹത്തിന്റെയും ഹൃദയവേദനയായി മാറുകയാണ്.

 
Other News in this category

 
 




 
Close Window