|
പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളി ആരവങ്ങള്‍ക്കൊപ്പം ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം ഇംഗ്ലണ്ടിലെ മാന്‍വേഴ്‌സ് തടാകത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ചരിത്രം കുറിച്ചു. വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) പെണ്‍പട യുക്മ കേരളപൂരം വള്ളംകളി കിരീടം നേടി. ആദ്യമായി പങ്കായം കയ്യിലെടുത്ത ലിമയുടെ പെണ്‍പട, വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ടീമുകളോട് വാശിയേറിയ പോരാട്ടം നടത്തിയാണ് ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.
ആവേശം നിറഞ്ഞ മത്സരത്തില്‍, ഓളപ്പരപ്പിലെ പായുംപുലികളായി അവസാന നിമിഷം നടത്തിയ അവിശ്വസനീയമായ കുതിപ്പിലൂടെയാണ് ലിമയുടെ വനിതാ ടീം കിരീടം പിടിച്ചെടുത്തത്. ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍, കോച്ച് സൂരജിന്റെ സഹായത്തോടെ, ജൂലി ഫിലിപ്പിന്റെ ക്യാപ്റ്റന്‍സിയില്‍
തുഴയെറിഞ്ഞ ലിമയുടെ പെണ്‍പട തീപാറും പോരാട്ടമാണ് കാഴ്ച വച്ചത്. പ്രവാസലോകത്തെ വനിതകളുടെ നിശ്ചയദാര്‍ഢ്യത്തെയും കഠിനാധ്വാനത്തെയും നേര്‍സാക്ഷ്യമായ ഈ വിജയം, ഓരോ മലയാളിക്കും പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്, അഭിമാനത്തിന്റെ നിമിഷമാണ്. |