ജിയാങ്സി: വാഹനാപകടത്തില്‍ ഒന്‍പതുവയസ്സുകാരിയായ മകള്‍ മരിച്ചതിനുപിന്നാലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പൊലീസിന് കൈമാറുന്നത് ജീവിതദൗത്യമാക്കി ചൈനീസ് പൗരന്‍ വു ഷിഷെങ്. സ്‌കൂളുകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും സമീപമുള്ള തിരക്കേറിയ ജങ്ഷനുകളിലെത്തിയാണ് അപകടകരമായി വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങള്‍ അദ്ദേഹം ശേഖരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഭാര്യയും രണ്ട് പെണ്‍മക്കളും സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. മൂത്ത മകള്‍ സിജിന്‍ സംഭവസ്ഥലത്ത് മരിച്ചു. ഭാര്യയ്ക്കും അഞ്ചുവയസ്സുകാരിയായ ഇളയ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ലോറിയില്‍ അനുവദനീയമായതിനെക്കാള്‍ 92 ശതമാനം അധികഭാരം കയറ്റിയിരുന്നതായും ബ്രേക്കുകള്‍ക്ക് തകരാറുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗതാഗത കമ്പനിക്കും നിര്‍മാണ കരാറുകാരനുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ മതിയായ തെളിവില്ലെന്ന അധികൃതരുടെ നിലപാട് വുവിനെ നിരാശനാക്കി.
സ്വന്തം ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചാണ് അദ്ദേഹം റോഡ് സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നത്. സിഗ്‌നല്‍ ലംഘനം, തെറ്റായ ദിശയിലുള്ള യാത്ര, അമിതഭാരം, നമ്പര്‍ പ്ലേറ്റ് മറയ്ക്കല്‍ തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ പൊലീസിനും സമൂഹമാധ്യമങ്ങള്‍ വഴിയും കൈമാറുന്നു. ഇരുപതിലേറെ ഭാരവാഹനങ്ങളുടെ നിയമലംഘനങ്ങള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ രണ്ടിന് നടന്ന വിചാരണയില്‍ ലോറി ഡ്രൈവര്‍ കുറ്റം നിഷേധിച്ചു. ഡ്രൈവര്‍, ഇന്‍ഷുറന്‍സ് കമ്പനി, ഗതാഗത കമ്പനി, നിര്‍മാണ കരാറുകാരന്‍ എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് നല്‍കാനാണ് വുവിന്റെ തീരുമാനം.