അമേരിക്ക: ക്രിസ്മസ് വിപണിക്കായി പുറത്തിറക്കിയ അഡ്വന്റ് കലണ്ടറിനെതിരെ ഉപഭോക്തൃവിമര്‍ശനം ശക്തമായതോടെ പണം തിരികെ നല്‍കാന്‍ കിം കര്‍ദാഷിയാന്റെ ഫാഷന്‍ ബ്രാന്‍ഡായ സ്‌കിംസ്. 148 ഡോളര്‍ വിലയുള്ള ഉല്‍പ്പന്നത്തിലെ സമ്മാനങ്ങള്‍ക്ക് നല്‍കിയ തുകയ്ക്കനുസരിച്ചുള്ള മൂല്യമില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ക്രിസ്മസിന് മുന്നോടിയായി ഓരോ ദിവസവും തുറക്കാവുന്ന സമ്മാനപ്പെട്ടികള്‍ ഉള്‍പ്പെടുത്തിയതാണ് അഡ്വന്റ് കലണ്ടര്‍. സ്‌കിംസിന്റെ 'ആക്‌സസറീസ് അഡ്വന്റ് കലണ്ടറില്‍' 12 പെട്ടികളാണുള്ളത്. ഹെയര്‍ ക്ലിപ്പുകള്‍, ഹെഡ്ബാന്‍ഡ്, സാറ്റിന്‍ സ്‌ക്രഞ്ചി, ബ്രാന്‍ഡിന്റെ കീചെയിന്‍ തുടങ്ങിയവയാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഉയര്‍ന്ന വില ഈടാക്കിയിട്ടും സാധാരണ ആക്‌സസറികള്‍ മാത്രം നല്‍കിയതും വസ്തുക്കളുടെ ഗുണനിലവാരവുമാണ് വിമര്‍ശനത്തിന് കാരണമായത്. ഫാഷന്‍ ബ്രാന്‍ഡിന്റെ സമ്മാനപ്പെട്ടിയില്‍ വസ്ത്രങ്ങളൊന്നും ഇല്ലാത്തതിലും ചില ഉപഭോക്താക്കള്‍ നിരാശ പ്രകടിപ്പിച്ചു. പരാതികള്‍ക്കുപിന്നാലെ ഉല്‍പ്പന്നം തിരികെ നല്‍കുന്നവര്‍ക്ക് 150 ഡോളര്‍ റീഫണ്ട് നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഉല്‍പ്പന്നം കൈവശം വയ്ക്കുന്നവര്‍ക്ക് ഭാവിയിലെ വാങ്ങലുകള്‍ക്കായി അതേ തുകയുടെ സ്റ്റോര്‍ ക്രെഡിറ്റാണ് വാഗ്ദാനം. ഇതുസംബന്ധിച്ച ഇമെയിലുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. വിവാദമായ കലണ്ടര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ കിം കര്‍ദാഷിയാന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല