ലണ്ടന്‍: നെറ്റിയില്‍ തിലകം ധരിക്കുന്നത് വിലക്കിയെന്നാരോപിച്ച് ലണ്ടനിലെ പ്രൈമറി സ്കൂളിനെതിരെ ഒന്‍പതുവയസ്സുകാരന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വിദ്യാര്‍ഥിയുടെ പേരില്‍ പിതാവാണ് നിയമനടപടി ആരംഭിച്ചത്. വെസ്റ്റ് ലണ്ടനിലെ വികാര്‍സ് ഗ്രീന്‍ പ്രൈമറി സ്കൂളിനെതിരെ മതവിവേചനം ആരോപിക്കുന്ന കുടുംബം 25,000 പൗണ്ട് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാമിനാരായണ വിശ്വാസപാരമ്പര്യം പിന്തുടരുന്ന കുട്ടി 2021 മുതല്‍ തിലക്ചാന്ദ്ലോ ധരിച്ചാണ് സ്കൂളിലെത്തിയിരുന്നതെന്ന് കുടുംബം പറയുന്നു. ചന്ദനത്തില്‍ വരയ്ക്കുന്ന 'യു' ആകൃതിയിലുള്ള അടയാളവും മധ്യത്തിലെ കുങ്കുമപ്പൊട്ടും ഉള്‍പ്പെടുന്നതാണ് ഇത്. മുന്‍പ് എതിര്‍പ്പുണ്ടായിരുന്നില്ലെങ്കിലും 2025 അവസാനത്തോടെ സ്കൂള്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് ആരോപണം.
വിശ്വാസാചാരത്തെക്കുറിച്ച് കുട്ടിയെ ആവര്‍ത്തിച്ച് ചോദ്യം ചെയ്തെന്നും സ്കൂള്‍ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയെന്നും ചില പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് തടഞ്ഞെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് 2026 ജനുവരിയില്‍ മാതാപിതാക്കള്‍ കുട്ടിയെ സ്കൂളില്‍നിന്ന് പിന്‍വലിച്ചു.
എന്നാല്‍ മതവിവേചനം കാട്ടിയെന്ന ആരോപണം സ്കൂള്‍ നിഷേധിച്ചു. കുടുംബത്തിന്റെ വിശ്വാസത്തെ മാനിച്ചുകൊണ്ട് ബദല്‍ ക്രമീകരണങ്ങള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ സ്വീകരിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഐക്യവും സമത്വവും ഉറപ്പാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്നും സ്കൂള്‍ വ്യക്തമാക്കി. ആക്ഷന്‍ ഫോര്‍ ഹാര്‍മണി എന്ന സംഘടനയുടെ പിന്തുണയോടെയാണ് കുടുംബം നിയമപോരാട്ടം നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതസ്വാതന്ത്ര്യവും തുല്യതയും സംബന്ധിച്ച പ്രധാന ചോദ്യങ്ങളാണ് കേസ് ഉയര്‍ത്തുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു