Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
UK Special
  Add your Comment comment
സെന്‍സസില്‍ 'ബ്ലാക്ക് ഇംഗ്ലീഷ്', 'ഏഷ്യന്‍ ഇംഗ്ലീഷ്' വിഭാഗങ്ങള്‍ വേണം; പിന്തുണയുമായി വിവിധ പാര്‍ട്ടികളിലെ എംപിമാര്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ സെന്‍സസില്‍ വംശീയ പശ്ചാത്തലത്തിനൊപ്പം ഇംഗ്ലീഷ് തിരിച്ചറിയലും രേഖപ്പെടുത്താന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിമാര്‍. വംശീയ തിരിച്ചറിയല്‍ സംബന്ധിച്ച ചോദ്യത്തില്‍ 'ബ്ലാക്ക് ഇംഗ്ലീഷ്', 'ഏഷ്യന്‍ ഇംഗ്ലീഷ്' തുടങ്ങിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോഷ് ബാബറിഡിന്‍ മുന്നോട്ടുവയ്ക്കുന്ന നീക്കത്തിന് ഡേവിഡ് ലാമി, ജെയിംസ് ക്ലെവര്‍ലി, മാര്‍ക്ക് പ്രിച്ചാര്‍ഡ്, ലെയ്ല മൊറാന്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് മിനിറ്റ് നിയമനിര്‍മാണ പ്രമേയത്തിലൂടെ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം.

നിലവിലെ സെന്‍സസിലെ വംശീയ വിഭാഗങ്ങളുടെ പട്ടികയില്‍ 'ഇംഗ്ലീഷ്' എന്നത് വെള്ളക്കാരുടെ വിഭാഗത്തിനൊപ്പമാണ് നല്‍കിയിരിക്കുന്നതെന്ന് നിര്‍ദേശത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിഭാഗങ്ങളില്‍ 'ബ്രിട്ടീഷ്' എന്ന ഓപ്ഷനുണ്ടെങ്കിലും സമാനമായി 'ഇംഗ്ലീഷ്' ഉള്‍പ്പെടുത്തിയിട്ടില്ല. വംശീയ പശ്ചാത്തലവും ഇംഗ്ലീഷ് തിരിച്ചറിയലും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ഓപ്ഷനുകള്‍ വേണമെന്നാണ് ആവശ്യം. സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും സമാനമായ തിരിച്ചറിയല്‍ വിഭാഗങ്ങള്‍ നിലവിലുണ്ടെന്നും ഇംഗ്ലണ്ടിലും മാറ്റം കൊണ്ടുവരണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ജനിച്ചുവളര്‍ന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വത്വം കൂടുതല്‍ കൃത്യമായി രേഖപ്പെടുത്താന്‍ പരിഷ്‌കാരം സഹായിക്കുമെന്നാണ് ഇവരുടെ നിലപാട്.

ഇംഗ്ലീഷുകാരനാകാന്‍ വെള്ളക്കാരനായിരിക്കണമെന്നില്ലെന്ന് ബാബറിഡിന്‍ വ്യക്തമാക്കി. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിലെ വൈവിധ്യം ഇതിനുദാഹരണമാണെന്നും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ദേശീയ തിരിച്ചറിയലാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് വംശീയ തിരിച്ചറിയലിനെക്കുറിച്ചുള്ള സുവെല്ല ബ്രേവര്‍മാന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം കൂടുതല്‍ ശ്രദ്ധ നേടുന്നത്. അവരുടെ നിലപാടിനോട് റിഫോം യുകെ ചെയര്‍മാന്‍ സിയ യൂസഫും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പത്ത് മിനിറ്റ് നിയമനിര്‍മാണ പ്രമേയം അവതരിപ്പിക്കുന്നതുകൊണ്ടുമാത്രം നിര്‍ദേശം നിയമമാകില്ല. സെന്‍സസിലെ വിഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ഉയര്‍ത്തുകയും പിന്തുണ നേടുകയുമാണ് നീക്കത്തിന്റെ ലക്ഷ്യം.

 
Other News in this category

 
 




 
Close Window