|
ഇംഗ്ലണ്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ ബാഗുകളിലോ പോക്കറ്റുകളിലോ സൂക്ഷിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 2027 സെപ്റ്റംബര്‍ മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി തടയുകയാണ് ലക്ഷ്യം. ക്ലാസ് മുറികളിലെ പഠനത്തെ ബാധിക്കുന്നതിനും വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിക്കുന്നതിനും ഫോണുകള്‍ കാരണമാകുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
പുതിയ നിര്‍ദേശങ്ങളെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ്ടീച്ചേഴ്‌സ് (NAHT) സ്വാഗതം ചെയ്‌തെങ്കിലും ഇത് നടപ്പാക്കുന്നതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍ മുന്നറിയിപ്പ് നല്‍കി. ഓരോ വിദ്യാര്‍ഥിയുടെയും ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പൂട്ടാവുന്ന പ്രത്യേക കവറുകളോ സംഭരണ സംവിധാനങ്ങളോ ഒരുക്കേണ്ടിവരുമെന്ന് സ്‌കൂള്‍ ആന്‍ഡ് കോളജ് ലീഡേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. ആവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പദ്ധതി നടപ്പാക്കുക പ്രയാസകരമാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണര്‍ ഡെയിം റേച്ചല്‍ ഡി സൂസ പുതിയ നടപടിയെ സ്വാഗതം ചെയ്തു. മൊബൈല്‍ ഫോണുകള്‍ പഠനസമയത്ത് വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിക്കുന്നതും സ്‌കൂള്‍ അന്തരീക്ഷത്തെ ബാധിക്കുന്നതും തടയാന്‍ ശക്തമായ നടപടി ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. 'ജനറേഷന്‍ ഫോക്കസ്' എന്ന പ്രചാരണസംഘടനയുടെ സഹസ്ഥാപകയായ ഷാര്‍ലറ്റ് ആഷ്റ്റണും പുതിയ തീരുമാനത്തെ പിന്തുണച്ചു. |