Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
ദയാവധം : അഭിനന്ദനാര്‍ഹമായ വിധി
Editor
വലിയ ഒരു മാനുഷിക പ്രശ്‌നം സംബന്ധിച്ച വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ദയാവധം രാജ്യത്ത് അനുവദിക്കാനാവില്ല. ജീവന്‍ അപഹരിച്ചെടുക്കാനുള്ള അവകാശം സഹജീവിക്ക് ഇല്ലെന്നുള്ള തുറന്ന പ്രഖ്യാപനം. അത്രയ്ക്ക് അനിവാര്യമായ ഘട്ടങ്ങളില്‍ മരുന്നും ഭക്ഷണവും നല്‍കാതെ ദയാവധമാകാം. പക്ഷേ, നിര്‍ബന്ധമായും നിബന്ധനകള്‍ക്കു വിധേയം. - മരണത്തിനു വിടുന്ന വ്യക്തിയുടെ മാതാപിതാക്കളോ, ബന്ധുക്കളോ, അടുത്ത സുഹൃത്തുക്കളോ, ഡോക്റ്ററോ തീരുമാനമെടുക്കണം. രോഗിയുടെ താത്പ്പര്യപ്രകാരമാകണം. തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം വേണം. ന്യൂറോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിഷ്യന്‍ എന്നിവരുടെ റെക്കമെന്‍ഡേഷന്‍ ഉണ്ടായിരിക്കണം. തീരുമാനത്തിനുള്ള റെക്കമെന്‍ഡേഷന്‍ പരിശോധിക്കാനായി അതതു സംസ്ഥാനങ്ങളില്‍ ഹൈക്കോടതി നേരിട്ട് ഡോക്റ്റര്‍മാരുടെ പാനല്‍ രൂപീകരിക്കും.- യുക്തി സഹമായ തീരുമാനത്തിന്റെ അന്തസത്തയെയും ദീര്‍ഘവീക്ഷണത്തെയും നിറഞ്ഞ മനസോടെ അഭിനന്ദിക്കാം. യൂത്തനേഷ്യ അഥവാ ദയാവധം ഇന്ത്യയില്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്നു സുപ്രീം കോടതി ഉറപ്പു വരുത്തിയിരിക്കുന്നു.

അഴിമതിയും വാണിജ്യവത്കരണവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്റ്റര്‍മാരെ കൂട്ടുപിടിച്ച് ദയാവധം ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന വിശദീകരണത്തോടെയുള്ള കോടതി വിധിയെ സ്വാഗതം ചെയ്യാം. ബോധരഹിതരായി, സംസാരിക്കാനോ ചലിക്കാനോ ശേഷിയില്ലാതെ ജീവിക്കുന്നവരെ ദയാവധത്തിനു വിടുന്ന രീതിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഇതോടെ ഇന്ത്യയില്‍ അന്ത്യം. രാജ്യത്ത് എവിടെ ഇങ്ങനെയൊരു നടപടിയുടെ സാഹചര്യമുണ്ടായാലും സുപ്രീംകോടതിയുടെ ഈ വിധി ബാധകമായിരിക്കും. ദുരിതത്തില്‍ നിന്നു മരണത്തിന്റെ ദയ നല്‍കാനുള്ള ആവശ്യമുണ്ടായത് പൂനയില്‍ കിങ് എഡ്വേഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ ഷാന്‍ബാഗ് എന്ന സ്ത്രീയുടെ ജീവിതത്തെക്കുറിച്ചുള്ള ഹര്‍ജിയെ തുടര്‍ന്നാണ്.

മൂന്നര പതിറ്റാണ്ടായി ഇടയ്ക്കിടെ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന പേരാണ് അരുണ ഷാന്‍ബാഗ്. കര്‍ണാടകക്കാരിയായ ഒരു നഴ്‌സ്. ജോലി ചെയ്തിരുന്നത് മുംബൈയിലെ കെഇഎം ആശുപത്രിയില്‍. ഇതേ ആശുപത്രിയിലെ ഡോക്റ്ററായിരുന്ന സന്ദീപ് സര്‍ദേശായിയുമായി അരുണയുടെ വിവാഹം നിശ്ചയിച്ചിരുന്നു. കെഇഎം ഹോസ്പിറ്റലിലെ നഴ്‌സുമാരില്‍ മിടുക്കിയായിരുന്നു അരുണ. മെഡിക്കല്‍ ലബോറട്ടറിയില്‍ നിന്നു പാലും ബിസ്‌ക്കറ്റും മോഷ്ടിക്കുന്നത് തൂപ്പുകാരനാണെന്ന് അരുണ കണ്ടെത്തി. അധികൃതരെ ഇക്കാര്യം അറിയിക്കുമെന്ന് സോഹന്‍ലാല്‍ വാത്മീകി എന്ന സ്വീപ്പര്‍ക്ക് അരുണ മുന്നറിയിപ്പു നല്‍കി. അന്നു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ താഴെ നിലയിലുള്ള താമസ സ്ഥലത്തെത്തിയ അരുണ ആക്രമണത്തിനിരയായി, മാനഭംഗം ചെയ്യപ്പെട്ടു. പുറകില്‍ നിന്നു നായ്ച്ചങ്ങലയിട്ടു വലിച്ചപ്പോള്‍ അരുണയുടെ തലച്ചോറിലേക്കുള്ള ശ്വാസപ്രവാഹം നിലച്ചു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. കാഴ്ച നഷ്ടപ്പെട്ടു. ചുരുക്കത്തില്‍ ഇനിയൊരിക്കലും അരുണ എഴുന്നേല്‍ക്കില്ലെന്ന് ഉറപ്പായി. കുറ്റവാളിയെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ ഭാവി നശിക്കരുതെന്നു വിചാരിച്ച് ആശുപത്രിയുടെ ഡീന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ , അരുണയുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നു കുറിച്ചു. മോഷണശ്രമവും വധശ്രമവുമായി കേസ് ഒതുങ്ങിത്തീരാന്‍ ഇതു കാരണമായി. ഏഴു വര്‍ഷത്തെ കഠിന തടവു ലഭിച്ചു സോഹന്‍ലാലിന്. 1973ലാണ് അരുണ അബോധാവസ്ഥയിലാകുന്നത്. അരുണയ്ക്ക് എഴുന്നേല്‍ക്കാനോ , സംസാരിക്കാനോ , ചിന്തിക്കാനോ , പ്രതികരിക്കാനോ കഴിയില്ലെന്ന് ഡോക്റ്റര്‍മാര്‍ തിരിച്ചറിഞ്ഞു. രണ്ടു വര്‍ഷത്തോളം പ്രതീക്ഷയോടെ സന്ദീപ് കാത്തിരുന്നു. ഇത്രയും കാലം കോമയിലെ ചെലവു വഹിച്ച് അരുണയുടെ കുടുംബത്തിന്റെ സാമ്പത്തിക ശേഷിയും തകര്‍ന്നു. നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ആരും ഇല്ലാതായി.

ആരുമില്ലെങ്കിലും അരുണയെ ഞങ്ങള്‍ നോക്കുമെന്ന് നിശ്ചയിച്ചു ആശുപത്രിയിലെ കൂട്ടുകാരും ഡോക്റ്റര്‍മാരും. ഇപ്പോള്‍ അരുണയ്ക്ക് അറുപതു വയസായി. മുപ്പത്തേഴു വര്‍ഷം അരുണയുടെ ദേഹത്ത് ഒരു മുറിവു പോലും വരുത്താതെ പരിപാലിച്ചു അവര്‍. ഇതിനിടെ പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തക അരുണയെക്കുറിച്ചു പഠിക്കാനെത്തി. വര്‍ഷങ്ങളോളം അരുണയുമായി ഇടപഴകിയ പിങ്കി ആ ജീവിതം ഒരു കഥയാക്കി. അരുണാസ് സ്റ്റോറി എന്ന കഥയിലൂടെ അരുണയുടെ കഥ ലോകം അറിഞ്ഞു. ഇങ്ങനെ ആശുപത്രിയില്‍ കിടന്നു നരകിക്കുന്നതിനെക്കാള്‍ നല്ലത് അരുണയെ ദയാവധത്തിനു വിടുകയല്ലേ എന്ന ചിന്തയോടെ പിങ്കി വിരാനിയാണ് സുപ്രീംകോടതിയില്‍ ദയാവധത്തിനുള്ള ഹര്‍ജി നല്‍കിയത്.
ഇത്രയും കാലം അരുണയെ നോക്കാന്‍ കഴിയുമെങ്കില്‍ മരണം വരെ പരിപാലിക്കാനാവുമെന്ന് ആശുപത്രിയിലെ സുഹൃത്തുക്കള്‍ പിങ്കിയോടും പിന്നീടു കോടതിയോടും പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ദുരിതം കണ്ട് രക്ഷയ്ക്കായി പ്രവര്‍ത്തിച്ച പിങ്കിയെ സുപ്രീംകോടതി പ്രശംസിച്ചു. അതോടൊപ്പം അരുണയെ ദയാവധത്തിനു വിടാനാവില്ലെന്നും വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 304 വകുപ്പുകള്‍ പ്രകാരം ദയാവധവും 306 പ്രകാരം ഡോക്റ്ററുടെ സഹായത്തോടെയുള്ള മരണവും കുറ്റകരമാണ്. സ്വത്തും ആസ്തികളും തട്ടിയെടുക്കാന്‍ ദയാവധം എന്ന ലൂപ്പ്‌ഹോള്‍ ആരും ഉപയോഗിക്കാന്‍ ഇടവരില്ലെന്നു കോടതി ഉറപ്പാക്കി. ഇന്ത്യക്കാര്‍ക്കു മാത്രമല്ല, ലോകത്ത് എല്ലാ കോടതികള്‍ക്കും മാതൃകയാണ് ദയാവധം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ വിധി.
 
Other News in this category

 
 




 
Close Window