|
നിരവധി മോഷണ കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കോട്ടയം പൂവരണി കൊല്ലക്കാട് വീട്ടില്‍ ജോസഫ് കെ. ജെ എന്ന പൂവരണി ജോയി (57), അടൂര്‍ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ തുളസീധരന്‍(48) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 18 ന് വിവിധ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണത്തിലാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. പൂവരണി ജോയി സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 160 പരം കേസുകളില്‍ പ്രതിയാണ്. തുളസീധരന്‍ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 30 ല്‍ പരം കേസുകളില്‍ പ്രതിയാണ്.
ഒരു രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 18 ന് രാത്രി പാച്ചുവിളാകം ദേവീക്ഷേത്രത്തിയായിരുന്നു ആദ്യ മോഷണം. ഇതില്‍ സ്വര്‍ണ പൊട്ടുകളും വളകളും താലിയും കവര്‍ന്നു. ഇവിടെ നിന്നും സിസിടിവി കാമറയുടെ ഡിവിഡിയാണെന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അന്നുതന്നെ ഇരുവരും വേറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3500 രൂപ കവര്‍ന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പാറയില്‍ ആയിരവല്ലി ക്ഷേത്രത്തിലെത്തിയ പ്രതികള്‍ കാണിക്ക വഞ്ചി തകര്‍ത്തു. ശേഷം കാരേറ്റ് ശിവക്ഷേത്രത്തില്‍ നിന്നും 12000 രൂപ കവര്‍ന്നു. |