|
വൈവിധ്യമായ സംഗീത നൃത്ത പരിപാടികളുടെ സമ്മോഹനത്താല്‍ വര്‍ണ്ണ ശബളമായിരുന്നു 2025 ഒക്ടോബര്‍ 26 ഞായറാഴ്ച ഷങ്കില്‍ റോഡ് സ്പെക്ട്രം സെന്ററില്‍ കൊണ്ടാടിയ സുദര്‍ശനം ദീപാവലി ആഘോഷങ്ങള്‍. സുദര്‍ശനത്തിന്റെ ആപ്തവാക്യമായ 'വസുദൈവ കുടുംബകം' എല്ലാവരെയും ഒന്നിച്ചു കാണാന്‍ നമുക്ക് സഹായകമായിട്ടുണ്ടെന്നും, തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള വെളിച്ചം ദീപാവലി ആഘോഷങ്ങളിലൂടെ പൊതു ജനങ്ങളില്‍ എത്തിക്കാന്‍ നമ്മള്‍ പ്രതിജ്ഞ ബദ്ധരാണെന്നും സുദര്‍ശനം ട്രസ്റ്റി, ഡോക്ടര്‍ ഉമേഷ് വിജയം സ്വാഗത പ്രസംഗത്തില്‍ അടിവരയിട്ടു ആവര്‍ത്തിച്ചു.
വിശിഷ്ടാതിഥികളായി ചടങ്ങില്‍ അനുമോദനം അര്‍പ്പിച്ച് സംസാരിച്ച നോര്‍ത്ത് ബെല്‍ഫാസ്റ്റ് എംഎല്‍എ ബ്രിയാന്‍ കിംഗ്സ്റ്റണ്‍, ഒളിമ്പ്യന്‍ ഡെയിം മേരി പീറ്റേഴ്സ്, ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ അഭ്യുദയ കാംക്ഷി മെര്‍വിന്‍ എല്‍ഡര്‍, ബില്ലി ഡ്രമണ്ട് എന്നിവര്‍ വര്‍ദ്ധിച്ചു വരുന്ന ന്യൂനപക്ഷ അസിഹിഷ്ണുതയ്ക്ക് എതിരെ ഒരേ സ്വരത്തില്‍ ശക്തമായി അപലപിച്ചു. ഷങ്കില്‍ പോലുള്ള പ്രദേശങ്ങളില്‍ ദീപാവലിയുടെ പ്രസക്തി വളരെ നിര്‍ണ്ണായകമാണെന്ന് എംഎല്‍എ ബ്രിയാന്‍ കിംഗ്സ്റ്റണ്‍ എടുത്തു പറഞ്ഞു.
സുദര്‍ശനം കുടുംബാംഗങ്ങളുടെ മാതൃകാപരമായ ഇത്തരം ആഘോഷങ്ങള്‍ ഷങ്കില്‍ പ്രദേശത്തിന് എന്നും ഒരു മുതല്‍ കൂട്ടായിരിക്കുമെന്നു ബില്ലി ഡ്രമണ്ട് ആശംസ സന്ദേശത്തില്‍ പ്രശംസിച്ചു. ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് വടക്കന്‍ അയര്‍ലന്റ് കലാകേളി കലാകാരന്മാരുടെ ചെണ്ട മേളത്തോടെ വിശിഷ്ട അതിഥികളെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന ചെമ്പട മേളം എല്ലാവര്‍ക്കും ശ്രവണ മധുരമായ അനുഭവമായിരുന്നു.
സുദര്‍ശനം കുടുംബാംഗങ്ങളുടെ ഈശ്വര പ്രാര്‍ത്ഥന നയോടെ വിശിഷ്ടാതിഥികള്‍ നില വിളക്ക് കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ആശംസകള്‍ക്കു ശേഷം ആരംഭിച്ച മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായ നൃത്ത സംഗീത വിരുന്ന് അവതരണ മികവ് കൊണ്ട് എല്ലാവരെയും ഒന്നടങ്കം ഉദ്വേഗ പുളകിതരാക്കി. ഐറിഷ് ഡാന്‍സ്, സ്‌കോട്ടിഷ് ഡാന്‍സ്, വൈവിധ്യമായ ഇന്ത്യന്‍ നൃത്ത വിഭവങ്ങള്‍ തുടങ്ങിയവ പ്രേക്ഷകരുടെ മനം കുളിര്‍ക്കുന്നത് തന്നെ ആയിരുന്നു എന്ന് വിശിഷ്ടാതിഥികളുടെ ഭാവ പ്രകടനങ്ങളില്‍ നിന്ന് സ്പഷ്ടമായിരുന്നു. വളരെ നേരം അവര്‍ ആസ്വാദനത്തിന്റെ ഉത്തുംഗതയില്‍ മുഴുകി നമ്മുടെ ഒപ്പം ചിലവഴിച്ചത് ഏവര്‍ക്കും പ്രചോദനമായിരുന്നു.
ബെല്‍ഫാസ്റ്റ് ഫെയിം പാട്ടുകാരായ സിദ്ധാര്‍ഥ്, രജത് & കിയാന്‍ എന്നിവര്‍ മലയാളം ഹിന്ദി സിനിമ ഗാനങ്ങള്‍ പാടി സദസ്സിന്റെ ഹര്‍ഷാരവം പിടിച്ചുപറ്റി. ബീറ്റ് കാര്‍ണിവല്‍ ടീം തങ്ങളുടെ പ്രകമ്പനം കൊള്ളുന്ന സ്വതസിദ്ധമായ പെര്‍ക്യൂഷന്‍ ഫ്യൂഷന്‍ താള വാദ്യങ്ങളോടെ പ്രേക്ഷകരുടെ നൃത്ത ചുവടുകള്‍ക്കൊപ്പം ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിച്ചു. സുദര്‍ശനം അഡ്മിന്‍ കമ്മിറ്റിക്കു വേണ്ടി ഭാര്‍ഗ്ഗവറാം നന്ദി പ്രകാശിപ്പിച്ചു. പരിപാടി ഭംഗിയാക്കാന്‍ സഹകരിച്ച ഓരോരുത്തരെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രോഗ്രാം കമ്മിറ്റി, ഓര്‍ഗനൈസിംഗ് കമ്മിറ്റി, ഡെക്കറേഷന്‍ കമ്മിറ്റി, ഫുഡ് കമ്മിറ്റി, വെല്‍ക്കം കമ്മിറ്റി എന്നിവരുടെ നിസ്വാര്‍ഥ സഹകരണം പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി. ആങ്കര്‍മാരായ അഞ്ജലി പ്രഭാകുമാറും, പ്രദീപ് തങ്കപ്പനും സമയ നിഷ്ഠമായി പരിപാടി കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിച്ചു. സൗണ്ട് & ലൈറ്റ് പരിപാടിയുടെ മികവിന് വളരെ നിര്‍ണായകമായിരുന്നു. സ്വാദിഷ്ടമായ ദീപാവലി സ്പെഷ്യല്‍ ഭക്ഷണം ഒരുക്കിയവര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. പ്രതികൂല സാമൂഹിക പരിതസ്ഥിതിയുടെ അനിശ്ചിതത്വത്തിലും ദീപാവലി പോലെ വെളിച്ചം പകരുന്ന ആഘോഷങ്ങള്‍ സുദര്‍ശനം കുടുംബാംഗങ്ങള്‍ക്കു എന്നും പ്രത്യാശയുടെ ഒരു പിടി ഊര്‍ജ്ജം നല്‍കുന്നതായിരിക്കും എന്നതില്‍ സംശയമില്ല. |