Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡല്‍ഹിയിലെ സ്‌ഫോടനം: അറസ്റ്റിലായവരുടെ ഡോക്ടര്‍ പദവി റജിസ്ട്രേഷന്‍ റദ്ദാക്കി
Text By: UK Malayalam Pathram
ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടര്‍മാരുടെ റജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) റദ്ദാക്കി. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ റജിസ്റ്റര്‍ (ഐ.എം.ആര്‍), നാഷണല്‍ മെഡിക്കല്‍ റജിസ്റ്റര്‍ (എന്‍.എം.ആര്‍) എന്നിവയാണ് എന്‍.എം.സി. റദ്ദാക്കിയത്.
ഇവര്‍ക്ക് ഇനി ഇന്ത്യയില്‍ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍.എം.സി.യുടെ ഈ നടപടി. ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എന്‍.എം.സി.യുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഫരീദാബാദില്‍ തീവ്രവാദ ബന്ധമുള്ള ഡോക്ടര്‍മാരെ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്കു മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനം നടന്നത്. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. ഫരീദാബാദില്‍ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീര്‍ പുല്‍വാമ സ്വദേശി ഡോ. ഉമര്‍ നബിയാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്.
 
Other News in this category

 
 




 
Close Window