Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
മെമ്മറി കാര്‍ഡ് ആരുടെയും പക്കലുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല: കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്
Text By: UK Malayalam Pathram
താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ആരോപണവിധേയയായ കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്. ഹേമാ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് സിനിമാമേഖലയിലെ സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ദുരനുഭവങ്ങള്‍ പങ്കുവെച്ചതിന്റെ റെക്കോര്‍ഡിംഗുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി കുക്കു പരമേശ്വരന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിയ കമ്മിറ്റി കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ 11 പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. മെമ്മറി കാര്‍ഡ് താന്‍ പണ്ട് കെപിഎസി ലളിതയെ ഏല്‍പ്പിച്ചിരുന്നുവെന്നും പിന്നീട് അതിന് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമായിരുന്നു കുക്കു കമ്മിറ്റിയോട് വെളിപ്പെടുത്തിയത്. മറ്റ് സാക്ഷിമൊഴികളും മിനിറ്റ്‌സിലെ രേഖകളും പരിശോധിച്ച ശേഷം ഈ വാദം സമിതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ അത്തരമൊരു മെമ്മറി കാര്‍ഡ് ആരുടെയും പക്കലുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടന അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചതിനു പിന്നാലെ അധ്യക്ഷ ശ്വേതാ മേനോന്‍ മാധ്യമങ്ങളെ കണ്ടു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ അതില്‍ പങ്കെടുത്തവര്‍ തന്നെ മറ്റുള്ളവരോട് സംസാരിച്ചിരിക്കാം എന്ന നിഗമനത്തിലാണ് സമിതി എത്തിയത്. അല്ലാതെ വിവരങ്ങള്‍ ആരും മോഷ്ടിച്ചതാകാന്‍ വഴിയില്ലെന്ന് ശ്വേതാ പറഞ്ഞു. സംഘടനയുടെ തലത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ തൃപ്തരല്ലാത്ത പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാനോ നിയമനടപടികളുമായി മുന്നോട്ട് പോകാനോ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ശ്വേത പറഞ്ഞു.
 
Other News in this category

 
 




 
Close Window