|
71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് മോഹന്‍ലാല്‍ പുരസ്‌കാരം സ്വീകരിച്ചത്. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹന്‍ലാലിനെ വേദിയില്‍ അഭിനന്ദിച്ചു. താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വളരെ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 'മലയാള സിനിമയെ പ്രതിനിധീകരിച്ച്, ഈ ദേശീയ ബഹുമതിക്ക് അര്‍ഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സംസ്ഥാനത്ത് നിന്ന് ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വ്യക്തിയും ആയതില്‍ ഞാന്‍ അങ്ങേയറ്റം വിനയാന്വിതനാണ്. ഈ നിമിഷം എനിക്ക് മാത്രമുള്ളതല്ല. ഇത് മുഴുവന്‍ മലയാള സിനിമാ ലോകത്തിന്റേതാണ്. ഈ പുരസ്‌കാരം നമ്മുടെ സിനിമാ മേഖലയുടെയും പൈതൃകത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അതിജീവനത്തിന്റെയും കൂട്ടായ അംഗീകാരമായി ഞാന്‍ കാണുന്നു. കേന്ദ്രത്തില്‍ നിന്ന് എനിക്ക് ആദ്യമായി ഈ വാര്‍ത്ത ലഭിച്ചപ്പോള്‍, ഈ അംഗീകാരം എന്നെ അതിശയിപ്പിച്ചില്ല, മറിച്ച് നമ്മുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിച്ചു. മലയാള സിനിമയെ അവരുടെ കാഴ്ചപ്പാടും കലാപരതയും കൊണ്ട് രൂപപ്പെടുത്തിയ എല്ലാവര്‍ക്കും വേണ്ടി ഈ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വിധി എനിക്കൊരു അവസരം നല്‍കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യം പറഞ്ഞാല്‍, ഞാനൊരിക്കലും ഇങ്ങനെയൊരു നിമിഷം സ്വപ്നം കണ്ടിരുന്നില്ല...' 'എന്റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാള സിനിമയുടേതുകൂടിയാണ്. ഞാന്‍ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകര്‍ക്ക് ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു' മോഹന്‍ലാല്‍ പറഞ്ഞു. |