ലണ്ടന്‍: വോക്കിങ്ങില്‍ പത്തു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ഉര്‍ഫാന്‍ ഷെറീഫിനെ ജയിലില്‍ സഹതടവുകാര്‍ ആക്രമിച്ചു. ബെല്‍മാര്‍ഷ് ജയിലിലാണ് സംഭവം. ട്യൂണ കാനിന്റെ അടപ്പു കൊണ്ട് ഷെറീഫിന്റെ കഴുത്ത് മുറിച്ചു. മുറിവുകള്‍ ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തു. പത്തു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ സഹതടവുകാര്‍ക്ക് ഇയാളോട് കടുത്ത കോപമുണ്ടായിരുന്നു. 71 മുറിവുകളാണ് മകള്‍ സാറാ ഷെറീഫിന്റെ ശരീരത്തില്‍ കണ്ടെത്തിയത്.
അസൂത്രണം ചെയ്ത ആക്രമണമായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കഴുത്തിലും മുഖത്തും മുറിവേറ്റ ഷെറീഫ് ഇപ്പോഴും ചികിത്സയിലാണ്. കൊലപാതകം വാര്‍ത്തയായതിനെ തുടര്‍ന്ന് ഷെറീഫിന് ഭീഷണിയുണ്ടെന്ന് അറിയാമായിരുന്നതിനാല്‍ ജയില്‍ അധികൃതര്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നിരുന്നാലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.