റാന്നി : സിനിമയോടുള്ള അതിയായ താല്പര്യം ജിജോയെ ലോകത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം ലണ്ടന്‍ ഫാഷന്‍ വീക്കിലെ താരമെന്ന നേട്ടത്തിലേക്കുമാണ് എത്തിച്ചത്. ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ തുടര്‍ച്ചയായ നാല് സീസണുകളില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ജിജോ സെപ്റ്റംബറില്‍ നടന്ന ഷോയില്‍ കരീബിയന്‍ ഡിസൈനറുടെ താരമായി റാമ്പിലെത്തുകയും ചെയ്തു. ഷോയിലെ താരങ്ങളുടെ മേക്കപ്പ് നടത്തുന്നതിനൊപ്പം പ്രശസ്തഡിസൈനറുടെ താരമായി ഷോയിലെത്തിയ കലാകാരനെന്ന നേട്ടമാണ് ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ അവസാനസീസണില്‍ 38-കാരനായ ഈ റാന്നി സ്വദേശി നേടിയത്.
നെല്ലിക്കമണ്‍ പള്ളിത്താഴത്ത് പരേതനായ ബേബിക്കുട്ടിയുടെയും ശോശാമ്മയുടെയും മകനാണ് നാട്ടില്‍ ജോ എന്നറിയപ്പെടുന്ന ജിജോ തോമസ്. പ്ലസ്ടു കഴിഞ്ഞതോടെ സിനിമാ ലോകത്തെത്തണമെന്ന മോഹം മാത്രമായിരുന്നു മനസ്സിലെന്ന് ജിജോ പറയുന്നു. അഭിനേതാക്കള്‍ക്ക് വസ്ത്രങ്ങളെടുത്തുകൊടുക്കുന്ന ജോലിയിലായിരുന്നു തുടക്കം. പിന്നീട് ജ്യേഷ്ഠന്‍ ഷിജുവിനൊപ്പം മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. അതിനിടയില്‍ നേരത്തേ പരിചയപ്പെട്ടിരുന്ന പ്രശസ്ത മേക്കപ് ആര്‍ട്ടിസ്റ്റ് റോണക്സ് അവസരം കൊടുത്തതോടെ ഒപ്പംകൂടി. പിന്നീട് ഏറെക്കാലം അദ്ദേഹത്തിനൊപ്പവും രതീഷ് അമ്പാടി, പ്രദീപ് രംഗ് എന്നിവരുടെകൂടെയും പ്രവര്‍ത്തിച്ചു. മനോജ് കെ.ജയന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ മേക്കപ്പ്മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ലയില്‍ ആരംഭിച്ച മേക്കപ്പ് സ്റ്റുഡിയോ വിജയകരമായി മുന്നോട്ടുനീങ്ങിയതോടെ താവളം സ്വന്തം നാടായ റാന്നിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. റാന്നിയിലെ സ്റ്റുഡിയോ കോവിഡ് കാരണം പ്രവര്‍ത്തനം തുടങ്ങാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു.
2023 മേയില്‍, യു.കെ.യില്‍ നഴ്സായ ഭാര്യ സ്മിതയുടെ അടുത്തേക്ക് പോയി. അവിടെയെത്തിയ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചതോടെ 12-ാമത്തെ ദിവസം ലണ്ടന്‍ ഫാഷന്‍ വീക്കിലെ ആര്‍ട്ടിസ്റ്റിനെ മേക്കപ്പ് ചെയ്യാന്‍ അവസരം ലഭിച്ചു. ഇതോടെ കഥ മാറി. 2024-സെപ്റ്റംബറിലെ ഷോയില്‍ കരീബിയന്‍ ഡിസൈനര്‍ ജോണ്‍സ് അവരുടെ ഡിസൈനുമായി റാമ്പിലെത്താന്‍ താല്പര്യമുണ്ടോ എന്ന ചോദിച്ചതോടെ മോഡല്‍കൂടിയായി. മേക്കപ്പ് ചെയ്തുകൊടുത്ത താരങ്ങള്‍ക്കൊപ്പം ഷോയിലെത്തിയപ്പോള്‍ അവരെല്ലാം കൂടുതല്‍ സൗഹൃദത്തിലായി. ഇനി ആഗ്രഹം പാരീസ് ഫാഷന്‍ വീക്കാണ്.