Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
കോര്‍ക്കിലെ മേയറിന് മുന്നില്‍ മലയാളി പാട്ടുകൂട്ടം, ഒന്നര വര്‍ഷത്തിനിടെ 23 വേദികള്‍
reporter

ഡബ്ലിന്‍: തുടക്കമിട്ടിട്ട് ഒന്നര വര്‍ഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികള്‍ക്ക്. അയര്‍ലന്‍ഡിലെ കലാ, സാംസ്‌കാരിക വേദികളെ തകര്‍പ്പന്‍ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാന്‍ഡ് ആയ ഡാഫോഡില്‍സ് മുന്നേറുന്നു. അയര്‍ലന്‍ഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികള്‍ ചേര്‍ന്ന് 2023 ല്‍ സൗഹൃദ സദസുകളില്‍ തുടങ്ങിയ താളമാണ് പിന്നീട് ഡാഫോഡില്‍സ് എന്ന സംഗീത ബാന്‍ഡിലേക്ക് മാറിയത്. കുമരകം സ്വദേശിയായ ഉണ്ണി കാര്‍ത്തികേയനും എരുമേലിക്കാരന്‍ എബിന്‍ ജോസഫും കാഞ്ഞിരപ്പള്ളിക്കാരന്‍ ബിനു പത്തിയാലയും ചേര്‍ന്നാണ് പാട്ടുകൂട്ടത്തിന് തുടക്കമിട്ടത്. സുഹൃത്തുക്കളിലൊരാളായ ജോബിന്‍ ജോയ് കീബോര്‍ഡില്‍ കൈവെച്ചതോടെ സൗഹൃദ സദസുകളില്‍ പാട്ടും ഗംഭീരമായി. കയ്യടിയ്‌ക്കൊപ്പം സംഗീതത്തെ സ്‌നേഹിക്കുന്ന കൂടുതല്‍ പേരും ഒപ്പം ചേര്‍ന്നതോടെ എന്തുകൊണ്ട് സ്വന്തമായൊരു സംഗീത ബാന്‍ഡ് തുടങ്ങിക്കൂടാ എന്ന ആശയത്തിലേക്ക് എത്തി-അവിടെയാണ് ഡാഫോഡില്‍സ് എന്ന ബാന്‍ഡിന്റെ പിറവി.

മേല്‍നോട്ടം മുതല്‍ ആലാപനം, സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവര്‍ ഉള്‍പ്പെടെ 25 പേരാണ് ഡാഫോഡില്‍സിന്റെ അണിയറയിലുള്ളത്. ഷിജിന്‍ പത്തിയാലയും എബിനും ബിനുവുമാണ് ബാന്‍ഡിന്റെ മേല്‍നോട്ട ചുമതലയില്‍. ജോലിയ്ക്കും കുടുംബത്തിനുമൊപ്പം ഡാഫോഡില്‍സിനെയും ചേര്‍ത്തുപിടിച്ചാണ് ഇവരുടെ പ്രയാണം. കുടുംബ സൗഹൃദ സദസ്സില്‍ നിന്ന് പൊതുഇടങ്ങളിലേക്ക് ഡാഫോഡില്‍സ് എന്ന സംഗീത ബാന്‍ഡിലേക്കുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ കരുത്ത് അംഗങ്ങളുടെ ഐക്യമാണ്.അയര്‍ലന്‍ഡിലെ പത്തോളം വരുന്ന സംഗീത ബാന്‍ഡുകളില്‍ മുന്‍നിരയില്‍ തന്നെയാണ് ഡാഫോഡില്‍സ്. വരും നാളുകളില്‍ കൂടുതല്‍ വേദികളെ കീഴടക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ഉണ്ണി കാര്‍ത്തികേയന്‍ ഉള്‍പ്പെടെ 8 ഗായകരാണ് ഡാഫോഡില്‍സിന്റെ നെടുംതൂണ്‍. ബിനു പത്തിയാലയുടെ മകളായ നിയ പത്തിയാല, മല്ലപ്പള്ളി സ്വദേശിനി ആശ എബിന്‍, മാംഗ്ലൂര്‍കാരി നിഷ രാജു, പാലാക്കാരി അമല എലിസബത്ത്, കണ്ണൂര്‍കാരി ശിശിര കുര്യന്‍, തൃശൂര്‍ക്കാരന്‍ മജേഷ്.പി.മാണി, മൈസൂര്‍ സ്വദേശി സിദ്ധാര്‍ഥ് സുരേഷ്, താമരശ്ശേരിക്കാരന്‍ സോനു ജോസ് എന്നിവരാണ് ഗായകസംഘത്തിലുള്ളത്. ഒരുപിടി സിനിമകളില്‍ അഭിനയിക്കുകയും ട്രാക്ക് പാടുകയും സംഗീത രചന നിര്‍വഹിക്കുകയും ചെയ്ത ഗായകന്‍ കൂടിയായ ഉണ്ണി കാര്‍ത്തികേയന്‍ രചനയും സംഗീതവും നിര്‍വഹിച്ച ഗാനങ്ങളും അയര്‍ലന്‍ഡിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞു.

കുട്ടിക്കാലം മുതല്‍ക്കേ ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും പ്രതിഭ തെളിയിച്ച കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന താരമാണ് നിയ പത്തിയാല. അടുത്തിടെ ഇറങ്ങിയ കല്യാണം എന്ന സിനിമയിലും നിയ പാടിയിട്ടുണ്ട്. കറുകുറ്റിക്കാരന്‍ സുബിന്‍ തോമസ്, കിടങ്ങൂര്‍ സ്വദേശി ജോബിന്‍ ജോയ് എന്നിവരാണ് കീ ബോര്‍ഡ്, കറുകച്ചാലുകാരന്‍ ജിബു തോമസ് ഡ്രംസും തിരുവന്തപുരം സ്വദേശി ബ്രയാന്‍ ജിജി ഗിത്താറും വായിക്കും. ഡാഫോഡില്‍സിനെ സദസിന് പരിചയപ്പെടുത്താന്‍ അവതാരകരുടെ വേഷത്തില്‍ കോഴിക്കോടുകാരി ജാനറ്റ് ജോസഫ്, തൊടുപുഴക്കാരി ജിന്‍സി റിജോ, നീലേശ്വരം സ്വദേശിനി ജിസ്‌ന റോസ് എന്നിവരാണ്. വേദിയിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ക്യാമറയിലാക്കുന്നത് തൊടുപുഴക്കാരന്‍ റിജോ എല്‍മയ റീല്‍സും കണ്ണൂരുകാരന്‍ അഭിലാഷ് കാന്‍വാസ് നൊമാഡും ചേര്‍ന്നാണ്. ഇവര്‍ക്ക് പുറമെ ഗിത്താര്‍ വായിക്കാന്‍ കെവിന്‍ ആന്റണി (മധുര സ്വദേശി), ശ്യാം.കെ.ദിലീപ് (തിരുവനന്തപുരം) എന്നിവരും ഫ്‌ളൂട്ട്, ഡ്രം വായിക്കാന്‍ പുളിങ്കുന്നുകാരന്‍ സന്തോഷ് അബ്രഹാമും തിരുവല്ലക്കാരന്‍ അലക്‌സ് മാത്യൂവും ഇടയ്ക്ക് ഡാഫോഡില്‍സിനൊപ്പം അതിഥിതാരങ്ങളായെത്താറുണ്ട്.

18 മാസത്തിനിടെ ചെറുതും വലുതുമായ 23 സംഗീത പരിപാടികളാണ് ബാന്‍ഡിന് ലഭിച്ചത്. സംഗീത ഫെസ്റ്റിവലുകളിലും പങ്കെടുത്തു. 2023 ല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണം പ്രോഗ്രാം ആയിരുന്നു ഡാഫോഡില്‍സിന്റെ ആദ്യ വേദി. സ്റ്റേജ് പരിചയക്കുറവും വലിയ വേദിയിലെ ആദ്യ പ്രകടനവും എല്ലാമായതിന്റെ ടെന്‍ഷനില്‍ വിചാരിച്ചത്ര വിജയം നേടാന്‍ കഴിയാത്തത് കൂടുതല്‍ മുന്നേറാനുള്ള ഊര്‍ജമാണ് നല്കിയതെന്ന് എബിന്‍ ജോസഫ് പറഞ്ഞു. സ്വന്തമായി വലിയൊരു ഇവന്റ് നടത്തി അയര്‍ലന്‍ഡിന്റെ മുഴുവന്‍ കയ്യടിയും നേടിയ ഡാഫോഡില്‍സിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2023 നവംബറില്‍ ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിക്കായുള്ള ധനശേഖരണാര്‍ഥം നടത്തിയ മെഗാ ചാരിറ്റി ഇവന്റിലൂടെ ഡാഫോഡില്‍സ് കലാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. അറുന്നൂറോളം പേര്‍ പങ്കെടുത്ത ഇവന്റില്‍ നിന്ന് ചിലവ് കഴിഞ്ഞ് 2,500 യൂറോ സൊസൈറ്റിക്ക് നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ ശ്രദ്ധ നേടി. ഡാഫോഡില്‍സിനെ കേട്ടറിഞ്ഞ് സംഗീത പ്രേമിയായ കോര്‍ക്ക് മേയര്‍ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചത് കൂടുതല്‍ പ്രോത്സാഹനമേകി. മേയറിന്റെ സൗഹൃദ സദസ്സിനെ പാട്ടുപാടി കയ്യിലെടുത്താണ് ബാന്‍ഡ് തിരികെ പോയത്.

 
Other News in this category

 
 




 
Close Window