ലണ്ടന്‍: പുകവലി ആരോഗ്യത്തിന് ഹാനികരം പുകവലി കാന്‍സറിന് കാരണമാകും ഇത്തരം മുന്നറിയിപ്പുകള്‍ സിഗരറ്റ് പാക്കറ്റുകളില്‍ സ്ഥിരം കാണുന്നവയാണ്. എന്നാല്‍ ഇത് ആരും കാര്യമാക്കി എടുക്കാറില്ലയെന്നതാണ് യാഥാര്‍ഥ്യം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ പുകവലി കാരണം മരണപ്പെടുകയും ഗുരുതരമായ രോഗങ്ങളാല്‍ വലയുകയും ചെയ്യുമ്പോഴും, ഉപേക്ഷിക്കാന്‍ പറ്റാത്ത ഒന്നായി പലരെയും ഈ ശീലം കീഴ്പ്പെടുത്തിയിട്ടുണ്ടാകും. എന്നാല്‍ ഒരു സിഗരറ്റില്‍ പുകഞ്ഞുപോകുന്നത് ആയുസിന്റെ 20 മിനിറ്റാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്ടമാകും, പുരുഷന്മാര്‍ക്ക് 17 മിനിറ്റും. എത്രയും വേഗം പുകവലി ഉപേക്ഷിക്കേണ്ട ആവശ്യകതയാണ് ഈ പഠനം വ്യക്തമാക്കുന്നത്. ദീര്‍ഘകാല ജനസംഖ്യാ ആരോഗ്യ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാള്‍ പുകവലി ഉപേക്ഷിക്കുകയാണെങ്കില്‍ എട്ട് ദിവസത്തിനുള്ളില്‍ ഒരു ദിവസത്തെ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയും. ജനുവരിയിലാണ് പുകവലി നിര്‍ത്തുന്നതെങ്കില്‍ വര്‍ഷാവസാനം 50 ശതമാനം ആയുസ് വീണ്ടെടുക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സിഗരറ്റ് വലിക്കുന്നതിലൂടെ ആയുസ് കുറയുന്നതിനപ്പുറം ആരോഗ്യകരമായ ജീവിതമാണ് നഷ്ട്ടപെടുന്നത്. ഏത് പ്രായത്തിലാണെങ്കിലും പുകവലി നിര്‍ത്തിയാല്‍ ഉടന്‍ തന്നെ അതിന്റെ ഗുണങ്ങള്‍ ലഭിക്കും, ആരോഗ്യം ഗണ്യമായി മെച്ചപ്പെടുമെന്നും യുസിഎല്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ടുബാക്കോ റിസര്‍ച്ച് ഗ്രൂപ്പിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് ഫെല്ലോ ഡോ. സാറാ ജാക്സണ്‍ പറഞ്ഞു. മധ്യവയസ്‌കര്‍ മുതല്‍ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകവലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതു പ്രായക്കാര്‍ക്കും പുകവലി നിര്‍ത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും അകാല വാര്‍ധക്യവും മരണവും ഒഴിവാക്കാനും സാധിക്കുമെന്നാണ് പഠനം.