ലണ്ടന്‍: ബ്രിട്ടനിന്റെ വ്യോമ പ്രതിരോധം വളരെ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിന്റെ പ്രതിരോധ സംവിധാനത്തിലെ പാളിച്ചകള്‍ പുറത്തുവന്നതോടെ നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ബ്രിട്ടന്റെ ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് 'ടൈംസ്' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ മിസൈല്‍ സംവിധാനമോ ബാലിസ്റ്റിക് മിസൈല്‍ സംവിധാനമോ ഇല്ലാത്തത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് 'ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ശത്രുരാജ്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നോ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനുള്ള സാധ്യത ബ്രിട്ടന് നേരെ ഉണ്ടാകാമെന്ന് ടൈംസിന്റെ ലേഖനത്തില്‍ പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച തന്ത്രപ്രധാനമായ പ്രതിരോധ അവലോകനത്തിന് നേതൃത്വം നല്‍കുന്ന ഒരു സ്വതന്ത്ര പാനല്‍, രാജ്യത്തിന്റെ മിസൈല്‍ കവചത്തിന്റെ അവസ്ഥയില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തിയതായി ലേഖനത്തില്‍ പറയുന്നുണ്ട്. രാജ്യത്തിന്റെ മികച്ച പ്രതിരോധ സംവിധാനത്തിനായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന്റെ ആവശ്യകത ലേഖനത്തില്‍ എടുത്ത് പറയുന്നു .
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളും ബ്രിട്ടനിന്റെ പ്രതിരോധ ശോഷണത്തില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സാധ്യമായ ദീര്‍ഘദൂര ആക്രമണങ്ങളില്‍ നിന്ന് യൂറോപ്പിനെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ കവചങ്ങള്‍ക്ക് ബ്രിട്ടന്‍ വേണ്ടത്ര സംഭാവന നല്‍കുന്നില്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ആണവോര്‍ജ്ജ നിലയങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെ ബ്രിട്ടനിന്റെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ പ്രതിരോധിക്കുന്നതിനായി വ്യോമ പ്രതിരോധത്തിനായുള്ള ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ നാറ്റോ ഈ വര്‍ഷാവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചൈനയും റഷ്യയും ഇറാനും അതിവേഗം ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചെടുത്തതിനാല്‍ ബ്രിട്ടനും വിദേശത്തുള്ള സൈനിക സ്വത്തുക്കള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതയെക്കുറിച്ച് പ്രതിരോധ ഉദ്യോഗസ്ഥരും സൈനിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍ ഇപ്പോള്‍ അപകടത്തിലാണെന്നും 15 വര്‍ഷത്തിനുള്ളില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ബ്രിട്ടനെ ആക്രമിക്കാന്‍ കഴിയുമെന്ന്' മുതിര്‍ന്ന സൈനിക വൃത്തങ്ങള്‍ ടൈംസിനോട് പറഞ്ഞു. ലിബിയ പോലുള്ള രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ദീര്‍ഘദൂര മിസൈലുകള്‍ സ്വന്തമാക്കാന്‍ കഴിയുമെങ്കില്‍ ലണ്ടന്‍ നഗരത്തെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയുടെ നേതൃത്വത്തില്‍ യെമനിലെ ഹൂതികള്‍ക്കെതിരെ നടക്കുന്ന ഓപ്പറേഷനില്‍ പങ്കെടുക്കുന്ന റോയല്‍ നേവിയുടെ യുദ്ധക്കപ്പലുകള്‍, എതിര്‍ ചേരിയുടെ കൈവശമുള്ള നൂതന ബാലിസ്റ്റിക് മിസൈലുകളാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. സൈപ്രസ് ഉള്‍പ്പെടെയുള്ള ബ്രിട്ടന്റെ വിദേശ സൈനിക താവളങ്ങള്‍ക്ക് നേരെ എതിര്‍ ചേരികളില്‍ നിന്നും തീവ്രവാദികളില്‍ നിന്നും ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയും ബ്രിട്ടനും നല്‍കുന്ന മിസൈലുകളുപയോഗിച്ച് റഷ്യയ്ക്കുള്ളില്‍ യുക്രെയ്ന്‍ ആക്രമണം തുടരുകയാണെങ്കില്‍, ഇനി ഇത് കണ്ടിരിക്കാനാകില്ലെന്നും, യുക്രെയ്ന്റെ സഖ്യരാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായി പ്രത്യാക്രമണം നടത്തുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തന്നെ ബ്രിട്ടനിന്റെ വ്യോമ പ്രതിരോധത്തിലെ ദുര്‍ബലത രാജ്യത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.