ലണ്ടന്‍: ആഗോള ധനികന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ ലോകം കാതു കൂര്‍പ്പിക്കുകയാണ്. അമെരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനു പിന്നില്‍ മസ്‌കിന്റെ പിന്തുണയായിരുന്നു മുഖ്യം എന്ന് എല്ലാവര്‍ക്കുമറിയാം. കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള വാഗ്ദാനവുമായി ട്രംപ് എത്തിയപ്പോഴും മസ്‌ക് അതിനെ അനുകൂലിക്കുന്ന പ്രതികരണമാണ് നടത്തിയത്. ഇപ്പോഴിതാ, യുകെ ഒരു യുഎസ് സംസ്ഥാനമാകണമെന്ന രീതിയിലുള്ള നിര്‍ദേശങ്ങളും മസ്‌കില്‍നിന്നുണ്ടാകുന്നു.
ഇതൊരു മോശം ആശയമല്ലെന്നാണ് മസ്‌ക് പ്രതികരിച്ചത്. യുകെ ശിശു ലൈംഗിക അഴിമതിക്കെതിരേയാണ് മസ്‌ക് ഇങ്ങനെ പറയുന്നത്. ഓള്‍ഡ്ഹാം പട്ടണത്തില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് എക്‌സിലൂടെ മസ്‌ക് മുന്നോട്ടു വച്ച ആവശ്യം യുകെ സേഫ്ഗാര്‍ഡിംഗ് മന്ത്രി ജെസ് ഫിലിപ്പ് നിരസിച്ചു. ഇതോടെ ഇലോണ്‍ മസ്‌ക് എക്സ് പ്ലാറ്റ്ഫോമില്‍ തന്റെ അനുയായികളോടും മറ്റ് ഉപയോക്താക്കളോടും ബ്രിട്ടീഷുകാരെ അവരുടെ 'സ്വേച്ഛാധിപത്യ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കണമോ' എന്ന് ചോദിച്ച് ഒരു വോട്ടെടുപ്പ് ആരംഭിച്ചു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുമായുള്ള വൈരാഗ്യം തുടരുന്നതിനിടയില്‍ മസ്‌ക് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കുന്നതിന്റെ മറ്റൊരുദാഹരണമായി ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നു. മസ്‌കിന്റെ ഈ ആക്രമണത്തിലൂടെ ഒറ്റ ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം പേരുടെ വോട്ടുകളാണ് സര്‍ക്കാരിനെതിരെ ലഭിച്ചത്. മസ്‌ക് നടത്തുന്ന ഏറ്റവും പുതിയ ഈ 'യെസ്-നോ' വോട്ടെടുപ്പ് തിങ്കളാഴ്ച (ജനുവരി 6) ആരംഭിച്ചു, ഇന്ന് അവസാനിക്കും.
'വോട്ടിലൂടെ അവര്‍ക്ക് സ്വയം മോചനം നേടാം. അതുകൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത്,' എന്നാണ് മസ്‌കിന്റെ ഈ 'യെസ്-നോ' വോട്ടെടുപ്പിനെ കുറിച്ച് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 'കാനഡയ്ക്കൊപ്പം ബ്രിട്ടന്‍ 52-ാമത്തെ സംസ്ഥാനമാകുമോ? അജയ്യമായ ഒരു ലോകശക്തിയാകും എന്നായിരുന്നു വേറൊരാള്‍ കുറിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇലോണ്‍ മസ്‌ക് യുകെ സര്‍ക്കാരുമായുള്ള തന്റെ പരാതികള്‍ എക്‌സില്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു വരികയായിരുന്നു. ടെസ് ല മേധാവിയും യുകെ സര്‍ക്കാരും തമ്മിലുള്ള ഈ വാക്‌പോരിന്റെ തുടര്‍ച്ചയായിട്ടാണ് ഓള്‍ഡ്ഹാം പട്ടണത്തില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം യുകെ സേഫ്ഗാര്‍ഡിംഗ് മന്ത്രി ജെസ് ഫിലിപ്പ് നിരസിച്ചത്.
മസ്‌കിന്റെ ഈ ശക്തമായ പ്രതികരണത്തോടെ ലോകത്തെ തന്നെ ഞെട്ടിച്ച വലിയ ഒരു ലൈംഗിക ചൂഷണ പരമ്പരയാണ് പുറത്തു വന്നത്. ഇംഗ്ലണ്ടില്‍ ഉടനീളമുള്ള പട്ടണങ്ങളില്‍ ആയിരക്കണക്കിനു പെണ്‍കുട്ടികളെയും പതിറ്റാണ്ടുകളായി അവിടെയെത്തിയ വിദേശികളായ മുസ്‌ളിം തീവ്രവാദികള്‍ ലൈംഗിക ചൂഷണം ചെയ്ത കേസുകളാണ് ഇതോടെ പുറത്തേയ്ക്കു വരുന്നത്.ഗ്രൂമിങ് ജിഹാദ് എന്നും ഇത് അറിയപ്പെടുന്നു. ഇവയില്‍ ചിലതാകട്ടെ,കെയര്‍ സ്റ്റാര്‍മര്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് (ഡിപിപി) ഡയറക്ടര്‍ പദവിയുമായി ബന്ധപ്പെട്ടു പോലും ഉയര്‍ന്നു കേള്‍ക്കുന്നു. പിന്നാക്ക പശ്ചാത്തലത്തില്‍ നിന്നുള്ള വെള്ളക്കാരായ പെണ്‍കുട്ടികളെയാണ് പുരുഷന്മാരുടെ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്, അവരില്‍ ചിലര്‍ കുട്ടികളുടെ വീടുകളില്‍ താമസിച്ചിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ റോതര്‍ഹാമില്‍ 1997 നും 2013 നും ഇടയില്‍ കുറഞ്ഞത് 1,400 കുട്ടികളെങ്കിലും ലൈംഗിക ചൂഷണത്തിന് വിധേയരായതായി 2014 ലെ അന്വേഷണത്തില്‍ കണ്ടെത്തി.