ലണ്ടന്‍: എത്രയൊക്കെ പദ്ധതികളുണ്ടായാലും ജീവിതം ചിലപ്പോള്‍ നാം കരുതിവച്ചിരുന്ന വഴികളില്‍ നിന്നും മാറിസഞ്ചരിച്ചു എന്നു വരാം. ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്ററില്‍ നിന്നുള്ള ജോഷ് എന്ന യുവാവിനും ഉണ്ടായത് സമാനമായ ഒരു അനുഭവമാണ്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ജോഷ്. അപ്പോഴാണ് സഹപ്രവര്‍ത്തകയായ ക്ലോയിയോട് അയാള്‍ക്ക് ഒരു ചെറിയ ക്രഷ് തോന്നി തുടങ്ങുന്നത്. ജോഷിന് പൈലറ്റ് ലൈസന്‍സുണ്ടായിരുന്നു, ക്ലോയിക്കാവട്ടെ റോയല്‍ എയര്‍ഫോഴ്‌സില്‍ ചേരാനുള്ള ആഗ്രഹവും. ഈ ഇഷ്ടങ്ങള്‍ അവരെ അടുപ്പിച്ചു. അങ്ങനെ ഇരുവരും സുഹൃത്തുക്കളായി. ഒരു ദിവസം രണ്ടുപേരും ഒരു ഡേറ്റിന് പോകാം എന്ന തീരുമാനത്തിലും എത്തി. 2021 -ലായിരുന്നു അത്. അവരുടെ ഡേറ്റ് തീരുമാനിച്ചിരുന്ന ദിവസം ജോഷിന് ചില ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. തലേദിവസം രാത്രിയിലുണ്ടായ അസ്വസ്ഥതയുടെ തുടര്‍ച്ചയായിരുന്നു അത്. ക്ഷീണം, വിയര്‍പ്പ് തുടങ്ങി പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ജോഷിനുണ്ടായി. എന്നാല്‍, അടുത്തിടെയായിരുന്നു അയാള്‍ വീടുമാറിയത്. അപ്പോഴുണ്ടായ എന്തെങ്കിലും ഇന്‍ഫെക്ഷനാവും ഇതെന്നേ അയാള്‍ കരുതിയുള്ളൂ.
അങ്ങനെ, ആശുപത്രിയില്‍ പോയി അവരുടെ ആവശ്യപ്രകാരം ജോഷ് ഒരു ബ്ലഡ് ടെസ്റ്റും ചെയ്തു. ഡേറ്റിന് പുറത്തുപോകാന്‍ പറ്റില്ലെന്ന് തോന്നിയതോടെ അയാള്‍ ക്ലോയിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവര്‍ക്കുള്ള അത്താഴവും ഒരുക്കാന്‍ തുടങ്ങി. വൈകുന്നേരമായപ്പോള്‍, ജോഷിന് ആശുപത്രിയില്‍ നിന്ന് ഒരു അടിയന്തര കോള്‍ വന്നു. ഉടന്‍ ആശുപത്രിയിലെത്താനാണ് അവര്‍ പറഞ്ഞത്. ജോഷ് ഉടനെ തന്നെ ആശുപത്രിയിലേക്ക് തിരിച്ചു. ക്ലോയിയും അവനൊപ്പം ആശുപത്രിയിലേക്ക് ചെന്നിരുന്നു. ജോഷിന് ലുക്കീമിയ (രക്താര്‍ബുദം) ആണെന്നായിരുന്നു ആശുപത്രിയില്‍ നിന്നും വെളിപ്പെടുത്തിയത്. ഇത് കേട്ടതോടെ ജോഷും ക്ലോയിയും സ്തംഭിച്ചുപോയി.
എന്നാല്‍, ജോഷിനെപ്പോലും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ക്ലോയി എടുത്തത്. എപ്പോഴും ജോഷിനൊപ്പമുണ്ടാകുമെന്ന് അവള്‍ വാക്ക് നല്‍കി. അവന്റെ ചികിത്സയിലെല്ലാം കൂടെ നിന്നു. ആശുപത്രി സന്ദര്‍ശനങ്ങളിലെല്ലാം അവളും ജോഷിനൊപ്പമുണ്ടായിരുന്നു. ഒടുവില്‍, ആ വെല്ലുവിളികളെയെല്ലാം തോല്പിച്ച് ജോഷ് സുഖം പ്രാപിച്ചു. 2022 ജൂലൈയില്‍, ക്ലോയിയോട് ജോഷ് വിവാഹാഭ്യര്‍ത്ഥന നടത്തി. 2023 ഓഗസ്റ്റില്‍ ഇരുവരും വിവാഹിതരായി. ക്ലോയിയുടെയും ജോഷിന്റെയും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന് ആരാധകര്‍ ഒരുപാടാണ് ഇന്ന്.