ലണ്ടന്‍: ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പ്രതികാരമായി ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിയെ റോളര്‍ സ്‌കേറ്റിങ് പാര്‍ട്ടിയില്‍ വച്ച് ഒന്‍പത് തവണ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. ഹാരോ ലീഷര്‍ സെന്ററില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ 18 കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സമ്മര്‍ ബെറ്റ്സ് റാംസി (20), ബ്രാഡ്ലി ഹാരിസ് (18), കാമറൂണ്‍ ഒസെ (18), ഷിലോ ഹിന്‍ഡ്സ് (18), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിയുടെ ലിംഗസ്വത്വം മറച്ചുവെച്ചതില്‍ പ്രകോപിതനായ ഹാരിസാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇര ഹാരിസിനെ ചുംബിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഈ സംഭവം ഹാരിസ് രഹസ്യമായി റെക്കോര്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇര ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് ഹാരിസിന്റെ ഒരു സുഹൃത്ത് അറിയിച്ചു.
റോളര്‍ ഡിസ്‌കോയിലേക്ക് ഇരയെ വിളിച്ചുവരുത്തിയ പ്രതികള്‍ 'ട്രാന്‍സ്ജെന്‍ഡര്‍' എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബെറ്റ്സ് റാംസി കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ പല തവണ കുത്തി. മറ്റ് പ്രതികള്‍ റോളര്‍ സ്‌കേറ്റുകളും ബൂട്ടുകളും ഉപയോഗിച്ച് മര്‍ദ്ദിച്ചു. 45 സെക്കന്‍ഡ് നീണ്ടുനിന്ന ക്രൂരമായ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് മൂക്ക്, തുട, കൈ, നിതംബം എന്നിവിടങ്ങളില്‍ കുത്തേറ്റു. ബെറ്റ്സ് റാംസി 14 തവണ കുത്താന്‍ ശ്രമിച്ചതായി പ്രോസിക്യൂട്ടര്‍ ദീന ഹീര്‍ കോടതിയില്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ ഹാന്‍ഡ്ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടു. ബെറ്റ്സ് റാംസി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കളോട് 'ഞാന്‍ ജയിലില്‍ പോകും... ഞാന്‍ അവളെ 12 തവണ കുത്തി' എന്ന് പറയുകയും ചെയ്തു. പൊതുജനങ്ങളില്‍ ഒരാള്‍ ഇടപെട്ട് ബെറ്റ്സ് റാംസിയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ പെണ്‍കുട്ടിക്ക് കൂടുതല്‍ ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുമായിരുന്നുവെന്ന് കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിക്ക് മാനസികമായും ശാരീരികമായും നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു.
ആക്രമണത്തിന് ശേഷം തനിക്ക് പാനിക് അറ്റാക്കുകള്‍ ഉണ്ടാകാറുണ്ടെന്നും ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്നും മോഡലായി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ഭയമുണ്ടെന്നും ട്രാന്‍സ്ജെന്‍ഡര്‍ കോടതിയില്‍ പറഞ്ഞു. 'എനിക്ക് വിഷാദരോഗം വന്നു, വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും ഭയമാണ്.എന്നെ വീണ്ടും ആക്രമിക്കുമെന്ന് ഞാന്‍ നിരന്തരം ഭയപ്പെടുന്നു. ചിലപ്പോള്‍ ഇത് എന്റെ ജീവിതത്തെ മുഴുവന്‍ കീഴടക്കുന്നതായി എനിക്ക് തോന്നുന്നു. ശരീരത്തിലെ മുറിപാടുകള്‍ എന്നെ എപ്പോഴും വേദനിപ്പിക്കുന്നു - അവ കാണുമ്പോഴെല്ലാം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത് ഞാനാണെന്ന് എനിക്ക് തോന്നുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ആയതിന്റെ പേരില്‍ മുന്‍പും എനിക്ക് വിദ്വേഷം നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ ആരെങ്കിലും എന്നോട് ഇത്രയധികം വിദ്വേഷം കാണിക്കുമെന്നും എന്നെ ഇങ്ങനെ ആക്രമിക്കുമെന്നും ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല' അവര്‍ പറഞ്ഞു.