Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ ഗോട്ട് ടാലന്റിലെ പത്തുവയസുകാരി സൗപര്‍ണിക ഇനി ലോകവേദികളിലെ യങ് വോയിസിലേക്ക്
reporter

ലണ്ടന്‍: ഏറ്റവും വലിയ സംഗീതവേദികളിലൊന്നായ 'ബ്രിട്ടന്‍ ഗോട്ട് ടാലന്റി'ല്‍ ഒരിക്കല്‍ അഭിമാനമായി മാറിയ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായരെ ആരും മറന്നുകാണില്ല. അസാമാന്യ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ചാണ് സൗപര്‍ണിക എന്ന അന്നത്തെ പത്തു വയസ്സുകാരി വാര്‍ത്തകളില്‍ നിറഞ്ഞത്. സൈമണ്‍ കോവെല്‍, അമന്‍ഡ ഹോള്‍ഡന്‍, അലേഷ ഡിക്‌സണ്‍, ഡേവിഡ് വാല്യംസ് എന്നീ വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്കു തികഞ്ഞ ആത്മവിശ്വാസത്തോടെയും ഊര്‍ജത്തോടെയുമായിരുന്നു സൗപര്‍ണികയുടെ മറുപടി. 'സൗ' എന്ന ഓമനപ്പേരിട്ട് സംഗീതാസ്വാദകര്‍ വിളിക്കുന്ന സൗപര്‍ണികയുടെ, ലോകവേദിയിലെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ അഭിമാനത്തോടെയാണ് ഇന്ത്യയിലെ സംഗീത ആസ്വാദകര്‍ കണ്ടതും. ഇപ്പോഴിതാ, കുട്ടികളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്വയറുകളില്‍ ഒന്നായ 'യങ് വോയ്‌സസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ് സൗപര്‍ണികയ്ക്ക്. ബ്രിട്ടനിലെ നാലായിരത്തിയഞ്ഞൂറോളം ലോക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ വിവിധ ദിവസങ്ങളിലായി ബ്രിട്ടനിലെ ഏറ്റവും വലിയ വേദികളില്‍ ക്വയറില്‍ പങ്കെടുക്കും. പതിനായിരക്കണക്കിനു കാഴ്ചക്കാരും കുഞ്ഞുഗായകരും പങ്കെടുക്കുന്ന പരിപാടിയില്‍ മകള്‍ക്ക് സെലിബ്രിറ്റി ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സൗപര്‍ണികയുടെ പിതാവ് ഡോ.ബിനു നായര്‍ പ്രതികരിച്ചു.

ലോകത്തിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ക്വയറുകളില്‍ ഒന്നാണ് യങ് വോയ്‌സസ്. 25 വര്‍ഷം മുന്‍പായിരുന്നു ഈ ക്വയറിന്റെ തുടക്കം. ബ്രിട്ടനിലെ നാലായിരത്തിയഞ്ഞൂറോളം ലോക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പല ദിവസങ്ങളിലായി നടക്കുന്ന ഷോകളില്‍ പങ്കെടുക്കും. ഷെഫീള്‍ഡ് അരീനയില്‍ ആണ് തുടക്കം. അതുകഴിഞ്ഞ് ബര്‍മിങ്ഹാമില്‍. മാഞ്ചസ്റ്റര്‍, ലണ്ടന്‍ O2 തുടങ്ങി നിരവധി അരീനകളിലായി ഏഴ് ആഴ്ചകളിലായിട്ടാണ് ഏകദേശം മുപ്പത്തിയഞ്ചോളം ഷോകള്‍ നടക്കുക. ഓരോ ദിവസവും ആറായിരം മുതല്‍ പതിനായിരം വരെ സ്‌കൂള്‍ കുട്ടികള്‍ ഒരുമിച്ച് പങ്കെടുക്കും.

കുട്ടികള്‍ കുറേനാളായി പാട്ടുകള്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് കാണാനും കേള്‍ക്കാനും നിരവധി ആളുകളാണ് എത്തുന്നത്. കുട്ടികളിലെ സംഗീതം പ്രോത്സാഹിപ്പിക്കുക, വലിയ വേദികളില്‍ കുട്ടികള്‍ക്കു പെര്‍ഫോം ചെയ്യാനുള്ള അവസരമൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ വര്‍ഷവും അവര്‍ക്കു സ്പെഷല്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും. ഈ വര്‍ഷത്തെ സ്പെഷല്‍ സെലിബ്രിറ്റി ആര്‍ട്ടിസ്റ്റ് ആയിട്ടാണ് സൗപര്‍ണിക പങ്കെടുക്കുന്നത്. പ്രശസ്ത റാപ്പറായ എം സി ഗ്രാമറും ബിബിസി ഷോയായ 'സ്ട്രിറ്റ്‌ലി കം ഡാന്‍സിങ്ങി'ലെ ലീഡ് സിംഗര്‍ ടോമി ബ്ലേസുമാണ് മറ്റു രണ്ട് സെലിബ്രിറ്റി ആര്‍ട്ടിസ്റ്റുകള്‍. ഷോയില്‍ എല്ലാ ദിവസവും സൗപര്‍ണിക പാടുന്നുണ്ട്.

പ്രധാനമായും രണ്ടു പാട്ടുകളും പിന്നെ ഒരു ഫിനാലെ സോങ്ങുമാണ് സൗപര്‍ണിക പാടുക. യുകെയിലെ ഏറ്റവും വലിയ അരീനകളില്‍ സെലിബ്രിറ്റി ആര്‍ട്ടിസ്റ്റായി പാടാനാകുന്നു എന്നതാണ് സവിശേഷത. ഇതൊരു വലിയൊരു അവസരമാണ്. ലണ്ടന്‍ O2 പോലെയുള്ള ലോകപ്രശസ്തമായ വേദിയില്‍ എട്ടുദിവസത്തോളം സൗപര്‍ണിക പാടുന്നുണ്ട്. വെംബ്ലിയില്‍ മൂന്ന് ഷോയില്‍ പാടുന്നു. ഇത്രത്തോളം കുട്ടികളുടെയും പതിനായിരക്കണക്കിന് കാണികളുടെയും മുന്നില്‍ നിന്ന് മകള്‍ക്കു പാടാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി ഞങ്ങള്‍ കണക്കാക്കുന്നു.

യുകെയില്‍ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. കൊല്ലം സ്വദേശികളാണ് ഇവര്‍. ബ്രിട്ടന്‍ ഗോട്ട് ടാലന്റിലെ സൗപര്‍ണികയുടെ അസാമാന്യ പ്രകടനം കണ്ട് സൈമണ്‍ കോവെല്‍ ഉള്‍പ്പെടെ എല്ലാ വിധികര്‍ത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചിരുന്നു. ബിബിസി ചാനലിലെ മൈക്കല്‍ മക്കന്റൈയേഴ്‌സ് ബിഗ് ഷോയില്‍ ഈ കൊച്ചു മിടുക്കിക്ക് അവസരവും ലഭിച്ചു. യുകെയില്‍ നിരവധി സംഗീത പരിപാടികളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗപര്‍ണിക മികവ് തെളിയിച്ചു കഴിഞ്ഞു. സൗപര്‍ണിക നായര്‍ എന്ന യുട്യൂബ് ചാനലിലും പാട്ടുമായി സജീവമാണ് ഈ ഗായിക. ഇപ്പോള്‍ ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നില്‍ സെലിബ്രിറ്റി ഗസ്റ്റ് ആകാന്‍ മകള്‍ക്കു കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൗപര്‍ണികയുടെ കുടുംബം.

 
Other News in this category

 
 




 
Close Window