ലണ്ടന്‍: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികളും അവകാശങ്ങളും നീക്കം ചെയ്യാന്‍ ചാള്‍സ് രാജാവ് തീരുമാനിച്ചു. എന്നാല്‍ ആന്‍ഡ്രുവിന്റെ മക്കളായ രാജകുമാരിമാര്‍ ബിയാട്രിസും യൂജീനും രാജകീയ സ്ഥാനങ്ങള്‍ നിലനിര്‍ത്തും.
ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറ ഫെര്‍ഗൂസന്‍ ഇനി രാജകീയ പദവികള്‍ ഉപയോഗിക്കാനാകില്ല. എങ്കിലും എലിസബത്ത് റാണിയുടെ മകന്റെ മക്കളെന്ന നിലയില്‍ ബിയാട്രിസിനും യൂജീനിനും കിരീടാവകാശം തുടരും. 37 വയസ്സുള്ള ബിയാട്രിസ് ബ്രിട്ടീഷ് കിരീടാവകാശ ക്രമത്തില്‍ ഒമ്പതാം സ്ഥാനത്തും, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ യൂജീന്‍ 12-ാം സ്ഥാനത്തുമാണ്.
ആന്‍ഡ്രു നേരത്തെ തന്നെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് അടക്കമുള്ള പദവികള്‍ ഉപേക്ഷിച്ചിരുന്നു. യുഎസിലെ ലൈംഗിക പീഡന കേസില്‍ പ്രതിയായ ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള അടുത്ത ബന്ധം ആന്‍ഡ്രുവിനെതിരെ ആരോപണങ്ങള്‍ ഉയരാന്‍ കാരണമായി. 2014-ല്‍ വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീ ആന്‍ഡ്രുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ വര്‍ഷം വെര്‍ജീനിയ മരിച്ചു.
ആന്‍ഡ്രുവിന്റെ ജനപ്രീതി ഇടിയുകയും രാജകുടുംബത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ചാള്‍സ് രാജാവ് നടപടി സ്വീകരിച്ചത്. വിന്‍ഡ്‌സര്‍ കാസിലിലെ റോയല്‍ ലോഡ്ജില്‍ നിന്നു താമസം മാറാനും ആന്‍ഡ്രുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ചാള്‍സിന്റെ സ്വകാര്യ വസതിയായ സാന്‍ഡ്രിങ്ങാം എസ്റ്റേറ്റിലാകും ആന്‍ഡ്രുവിന്റെ താമസം. 'ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍' എന്ന പേരായിരിക്കും ഇനി അദ്ദേഹത്തിന് ഉപയോഗിക്കേണ്ടത്.
ബക്കിങ്ങാം പാലസ് പീഡനത്തിനും ഉപദ്രവത്തിനും ഇരകളാകുന്നവരോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ചെങ്കിലും ആരുടെയും പേരെടുത്തുപറയാതെ മാത്രമാണ് പ്രതികരണം. ബ്രിട്ടീഷ് നാവികസേനയില്‍ വൈസ് അഡ്മിറല്‍ പദവിയിലേക്കുയര്‍ന്ന ആന്‍ഡ്രു 1980കളില്‍ ഫോക്ലാന്‍ഡ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. 2019 മുതല്‍ രാജകീയ കടമകളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. അടുത്ത കിരീടാവകാശിയായ വില്യം രാജകുമാരന്റെ ശക്തമായ പിന്തുണയും ചാള്‍സിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.