ലണ്ടന്‍: പത്ത് സ്ത്രീകളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ തടവില്‍ കഴിയുന്ന ചൈനീസ് ഗവേഷണ വിദ്യാര്‍ഥി അസുന്‍ഹോ സുവി (28) ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ രാസവന്ധ്യകരണം ആവശ്യപ്പെട്ടു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്താണ് പ്രതി ഈ കുറ്റകൃത്യങ്ങള്‍ നടത്തിയത്. കുറഞ്ഞത് 22 വര്‍ഷം വരെ തടവ് ശിക്ഷ നിലവില്‍ ഇയാള്‍ അനുഭവിക്കണം. ബാക്കി കേസുകളിലെ വിധി വരുന്നതോടെ ശിക്ഷയുടെ കാലാവധി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുകെയിലും ചൈനയിലുമായി പ്രതി 50 ലേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 24 പേര്‍ അസുന്‍ഹോ സുവി പീഡിപ്പിച്ചതായി പുതുതായി പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ പുറത്തുവിടുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ജഡ്ജി റോസിന് കോട്ടേജ് ശിക്ഷ വിധിച്ചത്. ബാലപീഡകരെയും മറ്റ് ലൈംഗിക കുറ്റവാളികളെയും രാസപരമായി വന്ധ്യകരിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ നടക്കുന്നുണ്ട്. ഇതില്‍ ലൈംഗിക ചിന്തകളെ നിയന്ത്രിക്കാന്‍ ഒരു മരുന്നും ടെസ്റ്റോസോറോണ്‍ കുറയ്ക്കുന്ന മറ്റൊരു മരുന്നും ഉള്‍പ്പെടുന്നു. ഒളിക്യാമറ വെച്ചാണ് പ്രതി പീഡന ദൃശ്യം പകര്‍ത്തിയിരുന്നത്. പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളെയും പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 2021 സെപ്റ്റംബറില്‍ പശ്ചിമ ലണ്ടനിലെ ചൈനാടൗണില്‍ ഒരു ബാറില്‍ വെച്ച് സുവില്‍ നിന്ന് പാനീയം കഴിച്ച ശേഷം ബോധം നഷ്ടപ്പെട്ടതായും പിന്നീട് തെരുവില്‍ ഛര്‍ദ്ദിച്ചതായും അതിനുശേഷം ബാങ്ക് കാര്‍ഡുകള്‍ നഷ്ടമായതായും ഇരയായ ഒരു സ്ത്രീ കോടതിയില്‍ മൊഴി നല്‍കി. 2023 മേയ് 18ന് പ്രതി തന്റെ ഫ്‌ലാറ്റില്‍ ഒരുക്കിയ പാര്‍ട്ടിക്ക് ശേഷം മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചു. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്ന തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സുഹൃത്തിനെ വിളിച്ചപേക്ഷിച്ചെങ്കിലും സുവി തടഞ്ഞു.
പിന്നീട് ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തി. സൗത്ത് ഈസ്റ്റ് ലണ്ടനിലെ സുവിന്റെ ഫ്‌ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ ലഹരി വസ്തുക്കളും ഒളിക്യാമറകളും കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളെ ബോധമില്ലാതെ കാണുന്നത് തനിക്കിഷ്ടമാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു.പൊലീസ് 1,277 വിഡിയോകളിലായി 700,000ല്‍ പരം ഫയലുകള്‍ പരിശോധിച്ചു. പ്രതിയുടെ വാര്‍ഡ്രോബില്‍ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.