Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാരുടെ ആറുദിവസത്തെ സമരത്തെതിരെ സ്റ്റാമര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറുദിവസത്തെ പണിമുടക്കിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ ശക്തമായ നിലപാട് എടുത്തു. ഈസ്റ്ററിന് ശേഷം ഏപ്രില്‍ 7 മുതല്‍ 13 വരെ നടക്കാനിരിക്കുന്ന സമരം 48 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ)യ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ മുന്നോട്ടുവച്ച 7.1 ശതമാനം ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള പാക്കേജ് അംഗീകരിക്കാനോ വോട്ടിനിടാനോ തയ്യാറാകാത്ത പക്ഷം, വാഗ്ദാനം ചെയ്ത ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ റദ്ദാക്കുമെന്ന് സ്റ്റാമര്‍ മുന്നറിയിപ്പ് നല്‍കി. ''കരാര്‍ നിരസിക്കുന്നതിലൂടെ ആര്‍ക്കും ഗുണമില്ല. രോഗികള്‍ക്കും എന്‍എച്ച്എസിനും ഡോക്ടര്‍മാര്‍ക്കും വേണ്ടി ബിഎംഎ തീരുമാനം പുനപരിശോധിക്കണം,'' - സ്റ്റാമര്‍ വ്യക്തമാക്കി.



സര്‍ക്കാരിന്റെ പാക്കേജ്

ശമ്പള വര്‍ധനവ് നാണയപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്നതായിരിക്കും.



അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,500 സ്‌പെഷ്യലിസ്റ്റ് ട്രെയിനിങ് തസ്തികകള്‍ അനുവദിക്കും.



റോയല്‍ കോളേജ് പരീക്ഷാ ചെലവുകള്‍ തിരികെ നല്‍കും.



വേഗത്തിലുള്ള പ്രമോഷന്‍ സാധ്യതകള്‍.



ഡോക്ടര്‍മാരുടെ പ്രതികരണം

ബിഎംഎ റസിഡന്റ് ഡോക്ടര്‍ സമിതി അധ്യക്ഷന്‍ ഡോ. ജാക്ക് ഫ്‌ലെച്ചര്‍ സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി. ''ചര്‍ച്ചകളുടെ അവസാന നിമിഷം സര്‍ക്കാര്‍ ശമ്പള വാഗ്ദാനങ്ങളില്‍ മാറ്റം വരുത്തിയതാണ് തിരിച്ചടിയായത്. ജോലി തടയുമെന്ന് ഭീഷണിപ്പെടുത്തുന്നത് ക്രിയാത്മകമായ നടപടിയല്ല. ശമ്പള കാര്യത്തില്‍ പാക്കേജ് തൃപ്തികരമല്ലാത്തതിനാലാണ് വോട്ടിനിടേണ്ടതില്ലെന്ന് ഞങ്ങളുടെ സമിതി തീരുമാനിച്ചത്,'' - അദ്ദേഹം പറഞ്ഞു.



ഡോക്ടര്‍മാരുടെ ആവശ്യം

2008-ലെ ശമ്പള നിരക്കിന് തുല്യമായി 26 ശതമാനം വര്‍ധനവാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയ വര്‍ധനവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് അപ്രായോഗികമാണെന്നാണ് സര്‍ക്കാരിന്റെ വാദം.



എന്‍എച്ച്എസിന് പ്രതിസന്ധി

ഈസ്റ്റര്‍ അവധിക്ക് പിന്നാലെ നടക്കുന്ന ആറുദിവസത്തെ സമരം ലക്ഷക്കണക്കിന് ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും മാറ്റിവയ്ക്കാന്‍ കാരണമാകും. എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നതോടെ അത്യാഹിത വിഭാഗങ്ങളിലും സേവനം പരിമിതപ്പെടും. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസിന് തുടര്‍ച്ചയായ സമരങ്ങള്‍ കോടിക്കണക്കിന് പൗണ്ടിന്റെ അധിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ട്

 
Other News in this category

 
 




 
Close Window