|
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെതിരെയാണ് നടപടി. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അതേസമയം, രഞ്ജിത ജി.നായരെ കുറിച്ച് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്നും കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാകണമെന്നും കളക്ടറുടെ ശുപാര്‍ശ.
നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലും സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്ന് ബോധ്യപ്പെട്ടതിനാലുമാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രന് എതിരെ കര്‍ശനമായ നിയമ നടപടികള്‍ക്ക് കാസര്‍കോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്.
മരിച്ചവര്‍ക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെ മോശം പരാമര്‍ശം. അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയെ അപകീര്‍ത്തിപെടുത്തും വിധം ആയിരുന്നു പവിത്രന്റെ കമന്റ്. കമന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെത് ഹീനമായ പ്രവൃത്തി എന്ന് റവന്യൂ മന്ത്രി കെ രാജന്‍.
സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് ഈ വ്യക്തിക്കെതിരെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് നാലാമത്തെ കേസാണ്.
2023 ആഗസ്തില്‍ ജില്ലയിലെ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ്, 2024 ഫെബ്രുവരിയില്‍ വി. ഭുവനചന്ദ്രന്‍ എന്നിവരും 2024 സെപ്തംബര്‍ 18ന് മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്നതിനും വകുപ്പില്‍ പരാതികള്‍ ലഭിച്ചിരുന്നു. ആദ്യ കേസില്‍ എ.ഡി.എം താക്കീത് നല്‍കി. രണ്ടാമത്തെ കേസില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കി. മൂന്നാം കേസില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കി 2024 നവംബര്‍ ഏഴിനാണ് സര്‍വീസില്‍ പുന: പ്രവേശിപ്പിച്ചത്. |