യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് പ്രധാന ചര്‍ച്ചകളും താമസവും വിരുന്നും വിന്‍സര്‍ കാസിലേക്ക് മാറ്റിയത്. ആദ്യവട്ടം പ്രസിഡന്റായിരുന്നപ്പോള്‍ 2019ല്‍ എലിസബത്ത് രാജ്ഞിയുടെ അതിഥിയായി ട്രംപ് ബക്കിങ്ങാം കൊട്ടാരത്തില്‍ എത്തിയിട്ടുണ്ട്.