സിനിമാ മേഖലയിലെ പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന രീതികളെ തുറന്നുപറഞ്ഞ് നടി തനുശ്രീ ദത്ത മുന്നറിയിപ്പ് നല്‍കി. അഭിനേതാക്കളാകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് തെറ്റായ വഴികളിലേക്ക് വലിച്ചിടുന്നവരെ സൂക്ഷിക്കണമെന്നും ആരെയും അന്ധമായി വിശ്വസിക്കരുതെന്നും തനുശ്രീ പറഞ്ഞു.
ഒരു പോഡ്കാസ്റ്റിലാണ് തനുശ്രീ തന്റെ അനുഭവങ്ങളും മുന്നറിയിപ്പുകളും പങ്കുവച്ചത്. പുതുമുഖങ്ങളെ ആദ്യം പുകഴ്ത്തി പ്രശംസിച്ച ശേഷം തെറ്റായ കാര്യങ്ങളിലേക്ക് നയിക്കുന്ന രീതികളാണ് ഇന്‍ഡസ്ട്രിയില്‍ നടക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
'അച്ഛനും അമ്മയും കുട്ടിക്കാലത്ത് പഠിപ്പിച്ചതുപോലെ, അപരിചിതരുടെ കൂടെ പോകരുത്. ഇവിടെ ചോക്ലേറ്റ് ഒന്നുമില്ല, നിങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഉപയോഗിച്ചാണ് കളിക്കുന്നത്,' എന്ന് തനുശ്രീ പറഞ്ഞു.
പല പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയായ ശേഷം വലിച്ചെറിയപ്പെടുന്നുവെന്നും, ചിലരെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നുവെന്നും അവര്‍ ആരോപിച്ചു. വിജയിക്കുന്ന കഥകള്‍ മാത്രമാണ് പുറത്ത് വരുന്നത്, പരാജയപ്പെടുന്നവരുടെ ദുരന്തങ്ങള്‍ പുറത്തുവരാറില്ലെന്നും തനുശ്രീ കൂട്ടിച്ചേര്‍ത്തു.
ഇത്തരം രീതികളെ ന്യായീകരിച്ചിരുന്ന ഒരു നടിയുമായി സൗഹൃദം നിര്‍ത്തിയിട്ടുണ്ടെന്നും, ഇന്‍ഡസ്ട്രിയിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് തുറന്നുപറയുന്നത് പുതിയ തലമുറയെ രക്ഷിക്കാനാണെന്നും തനുശ്രീ വ്യക്തമാക്കി