ലണ്ടന്‍: വിസാ നടപടികളും കുടിയേറ്റ നിയന്ത്രണങ്ങളും മൂലം ഇന്ത്യയില്‍നിന്നടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞത് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠനത്തില്‍ ചില സര്‍വകലാശാലകള്‍ നിലനില്‍പ്പിന് തന്നെ ഭീഷണിയായ കടബാധ്യതയില്പ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റികള്‍ വലിയ തോതിലാണ് കടം വാങ്ങുന്നത്. കെന്റിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റി കഴിഞ്ഞ ഒരു ദശകത്തില്‍ മൂന്നിരട്ടി വളര്‍ന്നപ്പോള്‍, സ്വകാര്യ സ്ഥാപനമായ ആര്ഡന് യൂണിവേഴ്സിറ്റി 30 ഇരട്ടിയിലധികം വളര്‍ച്ച കൈവരിച്ചു.
ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആശ്രയിച്ചാണ് പല സര്‍വകലാശാലകളും മുന്നോട്ട് പോകുന്നത്. വിസാ പ്രതിസന്ധി മൂലം കുടിയേറ്റം കുറഞ്ഞതോടെ യൂണിവേഴ്സിറ്റികളുടെ നിലനില്‍പ്പിന് തിരിച്ചടിയാകുന്നു. കര്‍ശനമായ വിസ നിയമങ്ങള്‍ കാരണം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയും, ഒഴിവുകള്‍ കുറയ്ക്കുകയും, കോഴ്സുകള്‍ ചുരുക്കുകയും ചെയ്തതോടെ പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇംഗ്ലണ്ടിലെ ഏകദേശം പകുതി യൂണിവേഴ്സിറ്റികളും നഷ്ടത്തിലാണെന്നാണ് കണക്കുകള്‍. അധിക ട്യൂഷന് ഫീസാണ് പല സര്‍വകലാശാലകളുടേയും നിലനില്‍പ്പിന് ആധാരം. അതേസമയം, തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൂട്ടുന്നതിനൊപ്പം വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കത്തക്കവിധം കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരുന്നു.