ലണ്ടന്‍: പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ അടുത്ത വര്‍ഷം വസന്തകാലത്തോടെ വിലക്ക് നടപ്പാക്കാനാണ് നീക്കം. അമിത ഉപയോഗം, സൈബര്‍ ബുള്ളിയിങ്, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം എന്നിവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. നിയന്ത്രണങ്ങളുടെ ഭാഗമായി ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാന്‍ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തും. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഔദ്യോഗിക രേഖകള്‍ക്കൊപ്പം ബാങ്ക് പരിശോധന, ഡിജിറ്റല്‍ ഐഡി, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ എന്നിവയും പരിഗണനയിലുണ്ട്. എന്നാല്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത കൗമാരക്കാര്‍ക്ക് പ്രായം തെളിയിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഉയരുന്നു. 16നും 17നും ഇടയില്‍ പ്രായമുള്ള ഏകദേശം ഒന്നരലക്ഷം പേര്‍ക്ക് പാസ്പോര്‍ട്ടോ ഡ്രൈവിങ് ലൈസന്‍സോ ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിലക്കിന്റെ പ്രായപരിധിക്ക് പുറത്തായിട്ടും ഇവര്‍ക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടാനിടയുണ്ട്.
മുഖം തിരിച്ചറിയുന്ന സംവിധാനം മാത്രം ആശ്രയിച്ച് പ്രായം സ്ഥിരീകരിക്കുന്നതിന്റെ കൃത്യതയെക്കുറിച്ചും ചോദ്യങ്ങളുണ്ട്. അതേസമയം, പരിശോധനകള്‍ മറികടന്ന് കുട്ടികള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പും ഉയരുന്നു. ഓസ്ട്രേലിയയില്‍ സമാന നിയന്ത്രണങ്ങള്‍ വന്നശേഷവും ചില കുട്ടികള്‍ സമൂഹമാധ്യമ ഉപയോഗം തുടരുന്നതായി സര്‍വേകള്‍ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സമൂഹമാധ്യമ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രായപരിശോധന ഫലപ്രദമാക്കുന്നതിനൊപ്പം അര്‍ഹരായ ഉപയോക്താക്കള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടാതിരിക്കാന്‍ എന്ത് സംവിധാനമൊരുക്കുമെന്നതും നിര്‍ണായകമാകും.