|
ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ മൂന്ന് മലയാളികള്‍ക്ക് ശ്രദ്ധേയ വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിച്ച സുരേന്ദ്രന്‍ കെ. പട്ടേല്‍, ജൂലി എ. മാത്യു, കക്ഷിരഹിത സ്ഥാനത്തേക്ക് മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ എന്നിവരാണ് വിജയിച്ചത്. അമേരിക്കന്‍ നീതിന്യായ, പ്രാദേശിക ഭരണരംഗങ്ങളില്‍ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
അമേരിക്കയിലെ ഭരണരംഗത്തേക്ക് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മാഞ്ഞൂക്കുളം സ്വദേശിയായ മാര്‍ട്ടിന്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ടെക്സസിലെ പ്രമുഖ കൗണ്ടിയായ ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് നടന്ന മത്സരത്തിലാണ് ഇദ്ദേഹം തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.
കക്ഷിരഹിത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ 19,845 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് തന്റെ എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയെ പരാജയപ്പെടുത്തിയത്.
കോട്ടയം പാലാ സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ മാര്‍ട്ടിന്‍ ജോണ്‍ വര്‍ഷങ്ങളായി അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസം. സ്‌കൂള്‍ പഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. നാട്ടിലെ സംഘടനാ-വിദ്യാര്‍ത്ഥി രാഷ്ട്രീയ അനുഭവസമ്പത്തുമായി അമേരിക്കയിലെത്തിയ അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിനിടയിലും സജീവ സാന്നിധ്യമാണ്. യു. സ് ഭരണരംഗത്തെ ഇദ്ദേഹത്തിന്റെ ഈ മികച്ച മുന്നേറ്റം കാഞ്ഞിരപ്പള്ളിക്കും പ്രവാസി മലയാളി സമൂഹത്തിനും ഒരുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. |