ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിലെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിത്തീരുവ ഇളവിനെച്ചൊല്ലി തര്‍ക്കം. വലിയ അളവില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കുപ്പികളിലാക്കുന്ന 'ബള്‍ക്ക് സ്‌കോച്ചിന്' തീരുവ ഇളവ് ബാധകമല്ലെന്ന ഇന്ത്യന്‍ നിലപാടിനെതിരെ ആഭ്യന്തര-വിദേശ മദ്യക്കമ്പനികള്‍ രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നവംബര്‍ രണ്ടിന് കമ്പനികളുടെ യോഗം വിളിച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ ഒപ്പിട്ട കരാറില്‍ സ്‌കോച്ചിന്റെ തീരുവ 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറയ്ക്കാന്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ബള്‍ക്ക് ഇറക്കുമതിക്ക് ഈ ആനുകൂല്യം ലഭിക്കുമോയെന്നതിലാണ് ഭിന്നത. പെര്‍നോഡ് റിക്കാര്‍ഡ്, ഡിയാജിയോ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ നിര്‍മാതാക്കളും ഇളവ് ആവശ്യപ്പെടുന്നു.
ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തുന്ന സ്‌കോച്ചിന്റെ ഏകദേശം 80 ശതമാനവും ബള്‍ക്ക് രൂപത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ വിഭാഗത്തെ ഒഴിവാക്കുന്നത് കരാറിലൂടെ പ്രതീക്ഷിച്ച നേട്ടങ്ങള്‍ കുറയ്ക്കുമെന്നാണ് വ്യവസായ സംഘടനകളുടെ വാദം. ബള്‍ക്ക് സ്‌കോച്ചിന് ഇളവ് നിഷേധിച്ചാല്‍ ഇന്ത്യയില്‍ കുപ്പികളിലാക്കുന്നതിനുപകരം പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് മുന്നറിയിപ്പ് നല്‍കി. ഇത് ആഭ്യന്തര ഉല്‍പ്പാദനത്തെയും 'മെയ്ക്ക് ഇന്‍ ഇന്ത്യ' ലക്ഷ്യത്തെയും ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. വിഷയം ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ബ്രിട്ടന്റെ നിലപാട്. നിലവിലുള്ള നിയമവ്യവസ്ഥകള്‍ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം.