Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് ആത്മവീര്യം നഷ്ടമാകുന്നതെന്ന് പൊലീസിനോട് ഹൈക്കോടതി
reporter

കൊച്ചി: എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ കൂടെ നിര്‍ത്തണം എന്നാണോ പറയുന്നതെന്ന് ഹൈക്കോടതി. പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പൊലീസുകാരുടെ പെരുമാറ്റ ഏതു വിധത്തിലായിരിക്കണം എന്നു വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു. ഇത്രയധികം ആരോപണങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നിട്ടും പൊലീസ് മേധാവി ഒരു നടപടിയും സ്വീകരിക്കാത്തത് അദ്ഭുതമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പൊലീസിനെ എന്ത് ആരോപണം ഉയര്‍ന്നാലും നടപടി എടുക്കാതിരിക്കാന്‍ പറയുന്ന കാരണം സേനയുടെ ആത്മവീര്യം നഷ്ടമാവും എന്നാണ്. ''എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ കൂടെ നിര്‍ത്തണം എന്നാണോ പറയുന്നത്? ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുന്നത്? ആ ആത്മവീര്യം അത്രയ്ക്ക് ദുര്‍ബലമാണെങ്കില്‍ അതങ്ങ് പോകട്ടെ എന്നു വെക്കണം.''- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. എന്തിനാണ് ഇങ്ങനെ ഒരാളെ പിന്തുണയ്ക്കാന്‍ നില്‍ക്കുന്നത്. ഒരു പദവിയില്‍ ഇരുന്ന് തെറ്റു ചെയ്താല്‍ പിന്നെ അവിടെ ഇരിക്കാന്‍ അയാള്‍ യോഗ്യനല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് കോടതി പറഞ്ഞു. അന്വേഷണം എപ്പോഴും പക്ഷപാത രഹിതമായിരിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. ആലത്തൂര്‍ സ്റ്റേഷനില്‍ അഭിഭാഷകനായ അക്വിബ് സുഹൈലിനെ എസ്‌ഐ വി ആര്‍ റിനീഷ് അപമാനിച്ച കേസ് പരി?ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 
Other News in this category

 
 




 
Close Window