Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മേയര്‍ വാക്ക് പാലിച്ചില്ല, തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ മരത്തില്‍ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
reporter

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തൊഴില്‍ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയര്‍ ആര്യ രാജേന്ദ്രന്‍ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികള്‍ ആരോപിച്ചു. സിപിഎമ്മിന്റെ കൊടികളുമേന്തി പെട്രോള്‍ കുപ്പികളുമായി മരത്തിന് മുകളില്‍ കയറി നിന്നാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി. വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്‍പ്പറേഷന്‍ തേടിയിരുന്നു. അത്തരത്തില്‍ 320 ഓളം ആളുകള്‍ സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി കോര്‍പറേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

വികെ പ്രശാന്ത് മേയറായി ഇരുന്നപ്പോളാണ് ഇവരെ മാലിന്യ നിര്‍മാര്‍ജനത്തിനായി നിയോഗിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച ചര്‍ച്ചയില്‍ ശുചീകരണ തൊഴിലാളികളാക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ആ ഉറപ്പ് അധികാരികള്‍ പാലിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളി ദ്രോഹമാണ് നടക്കുന്നതെന്നും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തൊഴിലാളികള്‍ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തൊഴിലാളികളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു. ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ്മ സേനയേയും മറ്റ് ഏജന്‍സികളേയും ജൈവ മാലിന്യ ശുചീകരണ പ്രവര്‍ത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാര്‍ഗം തകിടം മറിക്കുമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് വന്‍ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.

 
Other News in this category

 
 




 
Close Window