Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നിര്‍മ്മിത ബുദ്ധി ഏഴാം ക്ലാസിലും
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ ഐ പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് 'കമ്പ്യൂട്ടര്‍ വിഷന്‍' എന്ന അദ്ധ്യായത്തിലെ പ്രവര്‍ത്തനം. കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങള്‍ തിരിച്ചറിയാന്‍ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേപോലെ എ ഐ പഠിക്കാന്‍ അവസരം ലഭിക്കുന്നത്.

ഈ അദ്ധ്യയന വര്‍ഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്തകങ്ങളെത്തുന്നത്. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്‌ന നിര്‍ധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സര്‍വതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടില്‍ പരാമര്‍ശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളര്‍ത്തല്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ നല്‍കിയിട്ടുള്ളത്.

സ്‌ക്രാച്ചില്‍ വിഷ്വല്‍ പ്രോഗ്രാമിംഗ് പഠിച്ച് മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിംഗ്, എ.ഐ., റോബോട്ടിക്‌സ് തുടങ്ങിയവ പരിശീലിക്കാന്‍ സമാനമായ 'പിക്‌റ്റോബ്ലോക്ക്' പാക്കേജാണ്, പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ മുഴുവന്‍ സോഫ്റ്റ്‌വെയറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളില്‍ ലഭ്യമാക്കും.

ഒന്ന്, മൂന്ന് ക്ലാസുകളിലേയ്ക്കുള്ള പുതിയ ഐ സി ടി പാഠപുസ്തകത്തില്‍ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം, ചതുഷ്‌ക്രിയകള്‍, താളം തുടങ്ങിയവ ഉള്‍പ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്‌നിടെക്‌സ്, ടക്‌സ്‌പെയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത എഡ്യൂക്കേഷന്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്‌നല്‍, വേസ്റ്റ് ചാലഞ്ച് ആപ്ലിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികള്‍ പരിചയപ്പെടുന്നു. ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്തകത്തിലുണ്ട്.

ഒരേ സമയം ജീവിത നൈപുണി പരിപോഷിക്കുന്ന പ്രായോഗിക ഐസിടി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുമ്പോഴും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായിക്കുകയും സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്ത തിരിച്ചറിയല്‍ തുടങ്ങിയവയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഐ സി ടി പാഠപുസ്തകങ്ങള്‍. പുതിയ ഐ സി ടി പാഠപുസ്തകങ്ങളില്‍ മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം ജൂണ്‍ മാസം മുതല്‍ ആരംഭിക്കും. അടുത്ത വര്‍ഷം 2, 4, 6, 8, 9, 10 ക്ലാസുകള്‍ക്ക് പുതിയ ഐ സി ടി പാഠപുസ്തകങ്ങള്‍ വരും. അധ്യാപകര്‍ക്കുള്ള എഐ പരിശീലനം മെയ് മാസത്തില്‍ 20,120 അധ്യാപകര്‍ പൂര്‍ത്തിയാക്കിയതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window