തിരുവനന്തപുരം: യാത്രക്കാര്‍ ഏറ്റെടുത്തതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടുതല്‍ ട്രെയിനുകള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനങ്ങള്‍. യാത്രക്കാരുടെ എണ്ണവും റൂട്ടിലെ തിരക്കും കണക്കിലെടുത്താകും ഇന്ത്യന്‍ റെയില്‍വേ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വന്ദേ ഭാരത് അനുവദിക്കുക.
കേരളത്തില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രം നീക്കം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കൊച്ചുവേളി - ബെംഗളൂരു, ശ്രീനഗര്‍ - കന്യാകുമാരി സര്‍വീസുകളാണ് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ളത്.