Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് സ്വീകരണം
reporter

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനം നടന്നു. ഔദ്യോഗിക ഉദ്ഘാടനവും തീരത്തെത്തിയ ആദ്യ ചരക്ക് കപ്പലിന് സ്വീകരണവും നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് 'സാന്‍ ഫര്‍ണാണ്ടോ' കപ്പലിനെ സ്വീകരിച്ചത്. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. വിഴിഞ്ഞം തുറമുഖത്ത് സജ്ജീകരിച്ച വേദിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ പരശ്രമത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്നും, ഈ നേട്ടത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ ഇടം നേടിയെന്നും, ഉദ്ഘാടന ശേഷം മുഖ്യമന്ത്രി പറഞ്ഞു. 'സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ, ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് ലോകത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നു പറയുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുന്നു എന്നാണ് നാം തിരിച്ചറിയേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണിത്.

കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. മദര്‍ ഷിപ്പുകള്‍, അതായതു വന്‍കിട ചരക്കു കപ്പലുകള്‍ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബര്‍ത്തു ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോള്‍ ട്രയല്‍ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂര്‍ണ്ണ പ്രവര്‍ത്തന രീതിയിലേക്കു മാറുകയാണ്. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തില്‍ , ഏതാണ്ട് മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, ജി.ആര്‍ അനില്‍, ശശി തരൂര്‍ എം.പി, എ.എ റഹീം എം.പി, എം വിന്‍സന്റ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി, പ്രദീപ് ജയരാമന്‍, വിസില്‍ എം.ഡി ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പരിപാടിയില്‍? പങ്കെടുത്തു. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ ചരക്കു കപ്പലുകള്‍ തുടര്‍ച്ചയായി വിഴിഞ്ഞം തീരത്ത് എത്തും. അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയിനര്‍ മദര്‍ഷിപ്പാണ് ഫര്‍ണാണ്ടോ. മദര്‍ഷിപ്പുകള്‍ക്കടുക്കാനും ചരക്ക് കൈമാറ്റം നടത്താനും ശേഷിയുള്ള അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് സീ പോര്‍ട്ട് കൂടിയാണ് വിഴിഞ്ഞം.

ചൈനയിലെ ഷിയാമന്‍ തുറമുഖത്ത് നിന്നാണ് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. സാന്‍ ഫെര്‍ണാണ്ടോയില്‍ വിഴിഞ്ഞത്ത് എത്തിച്ച കണ്ടെയ്‌നറുകള്‍ വരും ദിവസങ്ങളില്‍ തുറമുഖത്ത് എത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിക്കാത്തതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതില്‍ പ്രതിഷേധമുണ്ടെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കൂടാതെ പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും നടത്തും. 2015 ലാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വയ്ക്കുന്നത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിച്ചത്.

 
Other News in this category

 
 




 
Close Window