Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയെ രക്ഷിച്ച് ജീവനക്കാര്‍
reporter

കണ്ണൂര്‍: യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതി പൊതുവെ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ തിരുത്തി കുറിക്കുകയാണ് കണ്ണൂരിലെ മനുഷ്യസ്‌നേഹികളായ സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രയ്ക്കിടെ അവശതയും ക്ഷീണവും അനുഭവപ്പെട്ട യാത്രക്കാരിക്കാണ് ഇവര്‍ രക്ഷകരായത്. നല്ലൊരു പ്രവൃത്തി ചെയ്ത ബസ് ജീവനക്കാരെ കണ്ടില്ലെന്ന് നടിക്കാന്‍ ആയില്ല. പാനൂരിലെ മ്യൂസിക് ലവേഴ്‌സ് പ്രവര്‍ത്തകര്‍ മധുരവും പൊന്നാടയുമൊക്കെയാണ് ഇവരെ ആദരിച്ചത്. പാനൂര്‍ റൂട്ടിലോടുന്ന ആയില്യം ബസില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. തലശേരിയില്‍ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്കാണ് ബസ് ജീവനക്കാര്‍ തുണയായി മാറിയത്. ഡ്രൈവര്‍ നിജില്‍ മനോഹര്‍, കണ്ടക്ടര്‍ ടിഎം ഷിനോജ്, ക്ലീനര്‍ യദു കൃഷ്ണ എന്നിവരെ പാനൂരിലെ മ്യൂസിക് ലവേഴ്‌സ് പ്രവര്‍ത്തകര്‍ ബസ്റ്റ് സ്റ്റാന്‍ഡിലെത്തി അഭിനന്ദിച്ചു.

തലശേരി -പാനൂര്‍ -വിളക്കോട്ടൂര്‍ റൂട്ടിലാണ് സര്‍വീസ്. ഇകണ്ടക്ടര്‍ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോള്‍ ബസിനു മുന്‍വശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ജീവനക്കാര്‍ ബസ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ച് യുവതിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. ജീവനക്കാര്‍ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പാലക്കൂല്‍ സ്വദേശിനിയായ യുവതിക്കൊപ്പം രണ്ടുമക്കളും ഉണ്ടായിരുന്നു. യുവതിയുടെ സഹോദരനെ എല്‍പ്പിച്ചാണ് ബസ് വീണ്ടും യാത്ര തുടര്‍ന്നത്. ബസ് ജീവനക്കാര്‍ കാണിച്ച മനുഷ്യ സ്‌നേഹം നിറഞ്ഞ പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും കൈയടി നേടിയിരിക്കുകയാണ്. യുവതി കുഴഞ്ഞു വീഴുന്നതിന്റെയും രക്ഷപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ട്രിപ്പ് മുടക്കിയാണ് ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചത്. യാത്രക്കാരും സഹകരിച്ചു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയാണ് പാനൂര്‍ മ്യൂസിക് ലവേഴ്‌സ്. വി എന്‍ രൂപേഷ്, ജയ ജീവന്‍, വിനോദ് സുഹാസ്പാനൂര്‍, രതീഷ് പാനൂര്‍, എം ടി കെ മോഹനന്‍, അഡ്വ. സിമാക് എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ക്ക് അനുമോദനമൊരുക്കിയത്.

 
Other News in this category

 
 




 
Close Window