Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മദ്യത്തിനായി പണം കുറവ് ചെലവാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു
reporter

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് മദ്യത്തിനും പുകയിലയ്ക്കുമുള്ള മലയാളികളുടെ ചെലവഴിക്കല്‍ വിഹിതം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. 2022-23 സാമ്പത്തികവര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. മൊത്തം കുടുംബ ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്ക്. ഗ്രാമീണ കേരളത്തില്‍ മൊത്തം കുടുംബ ചെലവിന്റെ ശരാശരി 1.88 ശതമാനം മാത്രമാണ് മദ്യത്തിന്റെയും പുകയിലയുടെയും വിഹിതം. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ഇത് 1.37 ശതമാനം മാത്രമാണ്. ദേശീയ ശരാശരി ഗ്രാമീണ മേഖലയില്‍ 3.7 ശതമാനവും നഗരങ്ങളില്‍ 2.41 ശതമാനവുമാണെന്നിരിക്കെയാണ് കേരളത്തിലെ കുറവ്. രാജ്യത്ത് ലഹരി പദാര്‍ഥങ്ങള്‍ക്കായി ഏറ്റവും കുറവ് ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് സര്‍വേയെ ഉദ്ധരിച്ചുള്ള ഒരു സ്വകാര്യമാധ്യമം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയില്‍ ലഹരി പദാര്‍ഥങ്ങള്‍ക്കായി ഏറ്റവുമധികം ചെലവഴിക്കുന്ന സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍പന്തിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപാണ്.അവിടെ കുടുംബ ബജറ്റിന്റെ 9.08 ശതമാനമാണ് ഇതിനായി ചെലവഴിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അരുണാചല്‍ പ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. 6.51 ശതമാനം. ഗ്രാമീണ മേഖലയില്‍ ലഹരി പദാര്‍ഥങ്ങള്‍ക്കായി ഏറ്റവും കുറവ് ചെലവഴിക്കുന്നത് ഗോവയാണ്. 1.52 ശതമാനം. നഗര പ്രദേശങ്ങളില്‍ ഏറ്റവും കുറവ് ചെലവഴിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് മഹാരാഷ്ട്രയാണ്. 1.14 ശതമാനം.

2011-12 വര്‍ഷം നടന്ന സര്‍വേയില്‍ കേരളത്തിലെ ഗ്രാമീണ മേഖലയില്‍ കുടുംബ ബജറ്റിന്റെ ശരാശരി 2.68 ശതമാനമാണ് മദ്യത്തിനും പുകയിലയ്ക്കും ചെലവഴിച്ചിരുന്നത്. നഗരപ്രദേശങ്ങളിലെ വിഹിതം 1.87 ശതമാനമാണ്. കുടുംബ ബജറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി ചെലവഴിക്കുന്ന വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ മൊത്തം കുടുംബ ചെലവിന്റെ 39.10 ശതമാനമായാണ് താഴ്ന്നത്. 2012ല്‍ ഇത് 42.99 ശതമാനമായിരുന്നു. നഗര പ്രദേശങ്ങളില്‍ 36.97 ശതമാനത്തില്‍ നിന്ന് 36.01 ശതമാനമായാണ് താഴ്ന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയ്ക്ക് ചെലവഴിക്കുന്ന വിഹിതത്തില്‍ കുറവുണ്ടായപ്പോള്‍ പാലിന്റെ വിഹിതം ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window