Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പാറക്കല്ല് ഉരുണ്ടുവരുന്നതു പോലെ ശബ്ദം, പാത്രങ്ങള്‍ വീണു
reporter

 കല്‍പ്പറ്റ: അടുക്കളയിലെ സ്റ്റാന്‍ഡില്‍ നിന്നും പാത്രങ്ങള്‍ താഴേക്ക് വീണുവെന്നും പരിഭ്രാന്തരായി എല്ലാവരും വീടിന് പുറത്തിറങ്ങിയെന്നും കുറിച്യാര്‍മല പ്രദേശവാസി കരീം പറഞ്ഞു. കുറിച്യാര്‍മല പൊട്ടിയതാണെന്ന് വിചാരിച്ചാണ് ആളുകള്‍ പരിഭ്രാന്തരായത്. വീടിന് പുറത്തിറങ്ങി സമീപത്തെ തോട്ടില്‍ പോയി നോക്കി. മണ്ണിടിഞ്ഞിട്ടുണ്ടോയെന്നും നോക്കി. എന്നാല്‍ ഒരു കുഴപ്പവും കണ്ടില്ലെന്ന് കരീം പറയുന്നു. സേട്ടുകുന്നില്‍ മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ വനംവകുപ്പ് ഡ്രോണ്‍ പരിശോധന നടത്തി. എന്നാല്‍ മണ്ണിടിഞ്ഞതായോ ഒന്നും കണ്ടെത്തിയിട്ടില്ല.

കുറിച്യാര്‍മലയില്‍ പാറക്കല്ല് ഉരുണ്ടു വരുന്നതു പോലുള്ള ശബ്ദമാണ് കേട്ടതെന്ന് സമീപത്തെ സ്‌കൂള്‍ അധ്യാപിക കവിത പറഞ്ഞു. കുട്ടികളുടെ അസംബ്ലി ചേരുമ്പോഴായിരുന്നു ശബ്ദം കേട്ടത്. കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ വേണ്ടി വെച്ച ഗ്ലാസുകള്‍ ഇളകി വീണു. ഇടിവെട്ടിയതാണെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചു. കുട്ടികളുടെ വീടുകളില്‍ നിന്നും മാതാപിതാക്കള്‍ വിളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് കുട്ടികളെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്നും കവിത ടീച്ചര്‍ പറഞ്ഞു.

കുറിച്യാര്‍ മേഖലയില്‍ നേരത്തെ 2018 ലും 2019 ലും ഉരുള്‍ പൊട്ടലുണ്ടായതാണ്. ഇതേത്തുടര്‍ന്ന് വില്ലേജ് , ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് വനംവകുപ്പും കര്‍ശന പരിശോധന നടത്തി വരുന്നുണ്ട്. രാവിലെ പ്രകമ്പനം ഉണ്ടായതായും, വീടുകളിലെ പാത്രങ്ങള്‍ വീണതായും ജനലുകള്‍ ഇളകിയതായും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രാവിലെ 10 മണിക്കു ശേഷമാണ് വലിയ ശബ്ദം കേട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. എന്തോ എടുത്തിടുന്ന പോലെയുള്ള ശബ്ദമാണ് കേട്ടത്. കുട്ടികള്‍ കരച്ചിലായിരുന്നു. അതുകൊണ്ടാണ് പുറത്തിറങ്ങിയതെന്ന് സമീപവാസിയായ വീട്ടമ്മ പറഞ്ഞു. മാറിത്താമസിക്കണമെങ്കില്‍, അധികൃതര്‍ പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറയുന്നു.

അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. രണ്ട് സെക്കന്റോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂവെന്നും, വീടുകളില്‍ വിള്ളലുകളോ കിണറുകളിലെ വെള്ളം കലങ്ങിയതായോ കണ്ടിട്ടില്ലെന്ന് നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, കൂടരഞ്ഞി, കാരാട്ടുപാറ , കരിങ്കുറ്റി ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. അസാധാരണ ശബ്ദം കേട്ടതായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.

 
Other News in this category

 
 




 
Close Window