Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വെള്ളാര്‍മല സ്‌കൂളിന് സമീപത്തു നിന്ന് നാലു ലക്ഷം രൂപയോളം കണ്ടെത്തി
reporter

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ അഗ്‌നിരക്ഷാസേന കണ്ടെത്തിയത്. സ്‌കൂളിന്റെ പിറകില്‍ നിന്നാണ് പണം കിട്ടിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. ലഭിച്ച തുക പൊലീസിന് കൈമാറി. വെള്ളത്തിനും പാറയിലും ഇടയില്‍ നിന്നുമായിരുന്നു പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമിയില്‍ നാളെയും കൂടി തിരച്ചില്‍ തുടരും. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ഇന്ന് അവസാനിക്കും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ചൊവ്വാഴ്ച സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റേയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും.

ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തും. എന്‍ഐടി സൂറത്ത്കലുമായി ചേര്‍ന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്താനുദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഈ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും. വിദഗ്ദ്ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിന്റെ രീതികള്‍ നിശ്ചയിക്കുക. എന്‍ ഐ ടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ദ്ധന്‍ ശ്രീവത്സാ കോലത്തയാര്‍ ആണ് സംഘത്തെ നയിക്കുക. ഡ്രോണ്‍ ഉപയോഗപ്പെടുത്തിയുള്ള ലിഡാര്‍ സര്‍വേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിന്റെ ഏരിയല്‍ ഫോട്ടോ അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുന്‍പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സര്‍വ്വേ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window