Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കാലാവധി നീട്ടിയാല്‍ പോരാ,, ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി
reporter

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണം. എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പരിഹാരമല്ല. വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ആകെ ചെയ്യാവുന്നത് ആ പ്രദേശത്തുള്ളവരുടെ വായ്പ ആകെ എഴുതിത്തള്ളുക എന്നതാണ്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാര്‍ നല്‍കുക എന്നതാണ്. എന്നാല്‍ ഇതില്‍ ആ നില ബാങ്കുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ. ഇതില്‍ മാതൃകാപരമായ നിലപാട് കേരള കോപ്പറേറ്റീവ് ബാങ്ക് എടുത്തിട്ടുണ്ട്. ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ അവര്‍ സ്വയമേവ തീരുമാനിക്കുകയായിരുന്നു. അത് നിങ്ങളും മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതെല്ലാം തലത്തിലാണോ അനുമതി വാങ്ങേണ്ടത് അതു വാങ്ങി, ഈ പ്രദേശത്തെ കടം പൂര്‍ണമായി എഴുതിത്തള്ളുന്ന നിലപാട് ഓരോ ബാങ്കും സ്വീകരിക്കണം. ബാങ്കുകള്‍ക്ക് അതു ചെറിയ ബാധ്യത മാത്രമേ വരുന്നുള്ളൂവെന്നും എസ്എല്‍ബിസി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീണ്‍ ബാങ്കില്‍ പണം എത്തിയപ്പോള്‍ അവര്‍ ബാധ്യതയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തില്‍ ആരും യാന്ത്രികമായി പെരുമാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് കാര്‍ഷിക ഭൂമിയാണ്. ഉരുള്‍പൊട്ടല്‍ ആ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. ഊഹിക്കാന്‍ കഴിയാത്തത്ര വലിയ പാറക്കല്ലുകളാണ് ഒഴുകിയെത്തിയത്. ഇവിടെയുള്ളവര്‍ പല തരത്തില്‍ ബാങ്കു വായ്പകളെടുത്തിട്ടുണ്ട്. വീടു നിര്‍മ്മിക്കാന്‍ വായ്പ എടുത്ത് വീടു നിര്‍മ്മിച്ച ആ വീടു തന്നെ ഇല്ലാത്ത അവസ്ഥയാണ്. വാഹനം വാങ്ങാന്‍ വായ്പ എടുത്തവര്‍ വാഹനം വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനം ഉപയോഗയോഗ്യമല്ലാത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷികവൃത്തിയുടെ ഭാഗമായി കന്നുകാലികളെ വാങ്ങാനും മറ്റും പലരും വായ്പ എടുത്തിട്ടുണ്ടാകും. ഉരുള്‍പൊട്ടലില്‍ വലിയ തോതില്‍ വളര്‍ത്തുമൃഗങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കൃഷിക്ക് വേണ്ടി വായ്പ എടുത്തവരില്‍ കുറേപേര്‍ ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് അവിടെ കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ ആ പ്രദേശത്തുള്ളവരുടെ കടം പൂര്‍ണമായി എഴുതി തള്ളണമെന്നാണ് നിര്‍ദേശിക്കാനുള്ളത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ചെയ്യാന്‍ സന്നദ്ധമായിട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ച് നല്ല രീതിയില്‍ നടപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window