കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസില്‍നിന്ന് എട്ടുകോടി രൂപ കവര്‍ന്നെന്ന കേസില്‍ പൊലീസില്‍ കീഴടങ്ങിയ ബിജെപി നേതാവ് ബാലകൃഷ്ണന്‍, തന്നെ വിദേശത്തേക്ക് കൊണ്ടുപോയത് ജോലി വാഗ്ദാനം ചെയ്താണെന്ന് അവകാശപ്പെട്ടു. കവര്‍ച്ചയ്ക്കു പിന്നില്‍ കെഎംസിസി അംഗങ്ങളാണെന്നും ഇയാള്‍ ആരോപിച്ചു. പുറത്തുവന്ന വീഡിയോയിലാണ് ബാലകൃഷ്ണന്റെ പ്രതികരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ ഇന്നലെയാണ് കോഴിക്കോട് പൊലീസില്‍ കീഴടങ്ങിയത്. വിദേശത്തേക്ക് പോകുമ്പോള്‍ കവര്‍ച്ചയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും താനും മറ്റു മൂന്ന് മത്സ്യത്തൊഴിലാളികളും തൊഴില്‍വിസയിലാണ് ഖത്തറിലെത്തിയതെന്നും ഇയാള്‍ പറയുന്നു. വെല്‍ഡറായി ജോലി ചെയ്തിരുന്ന തന്നെ ഷാജി എന്നയാള്‍ ഖത്തറില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് സമീപിക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്ണന്റെ വിശദീകരണം. അവിടെയെത്തിയശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂമും ലോക്കറും തുറക്കാന്‍ ആവശ്യപ്പെട്ടു. എന്തിനാണ് തങ്ങളെ കൊണ്ടുവന്നതെന്ന് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു.
സെപ്റ്റംബര്‍ 18നാണ് കേസിനാസ്പദമായ കവര്‍ച്ച നടന്നത്. ഓഫീസിലെ റൂം ബോയിയെ കെട്ടിയിട്ടശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂം തകര്‍ത്ത് സംഘം പണവുമായി കടന്നുവെന്നാണ് കേസ്. കവര്‍ച്ച നടത്തുന്നതിനായി നാലുപേരെ കേരളത്തില്‍നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്നതായും മറ്റുരണ്ടുപേര്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയതായുമാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനുശേഷം ബാലകൃഷ്ണന്‍ കേരളത്തിലേക്ക് മടങ്ങിയെന്നും പൊലീസ് അറിയിച്ചു. കേസിലെ മറ്റു പ്രതികളായ ബോംബെ ഷാജി, റാഷി, സാലിഹ്, ഹസന്‍, നിസാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരില്‍ ചിലര്‍ വിദേശത്താണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.