കണ്ണൂര്‍: ബന്ധങ്ങളെയും വേര്‍പിരിയലുകളെയും നീതിയെയും കുറിച്ചുള്ള പരാമര്‍ശങ്ങളുമായി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഒരുകാലത്ത് തുണയായിരുന്നവ പിന്നീട് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകാമെന്നും അവയെ വിട്ടുപോകുന്നത് നന്ദികേടല്ലെന്നും ദിവ്യ കുറിച്ചു. സിപിഎം നേതൃത്വത്തോടുള്ള വിയോജിപ്പിന്റെ സൂചനയായി വായിക്കാവുന്ന കുറിപ്പില്‍ പാര്‍ട്ടിയെയോ നേതാക്കളെയോ നേരിട്ട് പരാമര്‍ശിക്കുന്നില്ല. നദി കടക്കാന്‍ സഹായിച്ച ചങ്ങാടം നന്ദിയുടെ പേരില്‍ പിന്നീട് തലയിലേറ്റി നടക്കുന്ന മനുഷ്യന്റെ കഥ ചൂണ്ടിക്കാട്ടിയാണ് ദിവ്യ തന്റെ ചിന്തകള്‍ പങ്കുവെച്ചത്. മറുകരയിലെത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്നുനടക്കേണ്ടതില്ലെന്നും അതിനെ ഉപേക്ഷിക്കുന്നത് ജീവിതം പഠിപ്പിച്ച പാഠം തിരിച്ചറിയലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ചേര്‍ത്തുപിടിച്ച ബന്ധങ്ങള്‍ പിന്നീട് വേദനിപ്പിക്കാമെന്നും മുന്‍പ് ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ചിലതിനോട് നന്ദിയുള്ളവരായിരിക്കുമ്പോഴും ചിലതിനെ സ്‌നേഹത്തോടെ യാത്രയാക്കേണ്ടതുണ്ടെന്നും ദിവ്യ വ്യക്തമാക്കി.
''ചില വേര്‍പിരിയലുകള്‍ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം'' എന്നും അവര്‍ കുറിച്ചു. എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതിനൊപ്പം വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകവും ജീവിതത്തില്‍ ആവശ്യമാണെന്നാണ് കുറിപ്പിലെ മറ്റൊരു പരാമര്‍ശം. പങ്കുവെക്കുന്നത് സങ്കല്‍പ്പകഥകള്‍ മാത്രമല്ലെന്നും ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും അവശേഷിപ്പിച്ച ചിന്തകളാണെന്നും ദിവ്യ വിശദീകരിച്ചു. ചില കഥകളില്‍ വായനക്കാര്‍ക്ക് പരിചിതമായ മുഖങ്ങള്‍ തെളിഞ്ഞേക്കാമെന്നും അവര്‍ പറഞ്ഞു. നീതി വൈകിയാലും സത്യത്തിന്റെ ശബ്ദം മങ്ങില്ലെന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. സത്യം പറയാനുള്ള ധൈര്യത്തോടെ ഈ യാത്ര തുടരുമെന്നും ദിവ്യ വ്യക്തമാക്കി.